നെടുംതൂണായി അദ്ധ്യാപകരും

കാലിഫോർണിയയിൽ സിലിക്കൺ വാലിയുടെ ജന്മസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന ഒരു കൊച്ചു ഇടമുണ്ട്. ഇന്ന് HP (Hewlett Packard) എന്ന പേരിൽ അറിയപ്പെടുന്ന ലോകപ്രശസ്തമായ കന്പനിയുടെ ഉറവിടമായ ആ ഗ്യാരേജിനെയാണ് അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത്. stanford സർവകലാശാലയിൽ നിന്നും നടക്കാവുന്ന ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാലിഫോർണിയ സ്‌റ്റേറ്റും അമേരിക്കൻ രാജ്യവും ചരിത്രപ്രാധാന്യമുള്ളതായി പ്രഖ്യാപിച്ച ഈ ഇടം സന്ദർശിക്കുന്പോൾ അവിടെ ഒരു ലോഹഫലകത്തിൽ സിലിക്കൺ വാലിയുടെ ഉത്ഭവത്തിന്റെ ചരിത്രം ചുരുക്കത്തിൽ വായിച്ചറിയാൻ സാധിക്കും.

ലേഖകൻ HP ഗ്യാരേജിന്റെ മുൻപിൽ സ്ഥിതിചെയ്യുന്ന ലോഹഫലകത്തിനു സമീപം

HP യുടെ സ്ഥാപകരായ William Hewlett ഉം David Packard ഉം അവരുടെ ആദ്യത്തെ പ്രോഡക്റ്റായ ഓഡിയോ oscillator വികസിപ്പിച്ചു തുടങ്ങിയത് ഈ ഗ്യാരേജിൽ നിന്നാണ്. ഇവർ stanford വിദ്യാർത്ഥികൾ ആയിരിക്കെ തന്നെയാണ് ഇത്. ഒരു പക്ഷെ സിലിക്കൺ വാലിയിലെയോ അമേരിക്കയിലോ തന്നെ ആദ്യത്തെ വിദ്യാർത്ഥി സംരംഭകരും ഇവർ തന്നെ ആയിരുന്നേക്കാം. പഠിച്ചുകൊണ്ടിരിക്കുന്പോൾ തന്നെ സംരംഭക പ്രയാണത്തിൽ ഏർപ്പെടാൻ വരും കാല വിദ്യാർത്ഥികൾക്ക് പ്രചോദനമായത് ഈ രണ്ടു വിദ്യാർത്ഥി മിടുക്കരാണ്. ഇതിന്റെയെല്ലാം പരിണിത ഫലമായി ഉടലെടുത്ത ശാസ്‌ത്രസാങ്കേതികവിദ്യ അധിഷ്ഠിത സംഭരകത്വവും വിദ്യാർത്ഥി സംരംഭകത്വ സംസ്കാരവുമാണ് ആ പ്രദേശത്തിനു സിലിക്കൺ വാലി എന്ന വിളിപ്പേര് തന്നെ നൽകിയത്.

വിദ്യാർത്ഥികളായിരിക്കെ തന്നെ സംരംഭങ്ങൾ തുടങ്ങുന്നതിനു മറ്റുള്ളവർക്ക് പ്രചോദനമായ ഇവർക്ക് എന്തായിരുന്നു പ്രചോദനം എന്ന ചോദ്യത്തിന്റെ ഉത്തരവും ആ ലോഹഫലകത്തിലുള്ള വിവരണക്കുറിപ്പിൽ നിന്ന് തന്നെ നമുക്ക് ലഭിക്കും. ഒരു വ്യക്തിയുടെ പേരാണ് നമുക്ക് കാണുവാൻ സാധിക്കുന്നത് - Frederick Terman

ഫാദർ ഓഫ് സിലിക്കൺ വാലി

Stanford സർവകലാശാലയിലെ ഒരു പ്രൊഫസർ ആയിരുന്നു Terman. സിലിക്കൺ വാലിയുടെ പിതാവെന്നാണ് ഇദ്ദേഹത്തെ വിശേഷിക്കപ്പെടുന്നത്. അമേരിക്കയുടെ മറ്റു ഭാഗങ്ങളിൽ പോയി ജോലി ചെയ്യുന്നതിന് പകരം അവിടെ തന്നെ നിന്ന് കൊണ്ട് സ്വന്തമായി ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾ തുടങ്ങിക്കൂടേ എന്ന ആശയം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയും അവരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നത് Terman ആയിരുന്നു. അങ്ങനെ Terman ന്റെ വാക്കുകളുടെയും പ്രോത്സാഹങ്ങളുടെയും ഫലമായി സംരംഭം തുടങ്ങുന്നതിനായി മുന്നോട്ടു വന്ന അനേകം വിദ്യാർത്ഥികളിൽ ആദ്യത്തെ രണ്ടു പേരായിരുന്നു നമ്മുടെ രണ്ടു HP സ്ഥാപകർ. അവരിൽ പലർക്കും വേണ്ടുന്ന മൂലധനം തന്റെ സ്വന്തം സന്പാദ്യത്തിൽ നിന്നും നൽകിയിരുന്നതും Terman തന്നെ ആയിരുന്നു.

പിന്നീട് Stanford സർവകലാശാലാ Dean ആയിരിക്കുന്പോൾ Terman ന്റെ നേതൃത്വത്തിൽ ആവശ്യകമായ ലാബുകൾ തിട്ടപ്പെടുത്തുകയും Stanford Industrial Park എന്ന ആശയം നടപ്പിലാക്കി അതിലേക്കു മികച്ച HiTech സ്ഥാപനങ്ങളെ ആകർഷിക്കുകയും ചെയ്തു. ഗവേഷണത്തിനായി ധാരാളം ഗ്രാന്റ് പണം സർക്കാരിൽ നിന്ന് നേടിയെടുക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ സിലിക്കൺ വാലി എന്ന ആശയത്തിന് രൂപം നൽകുകയും നാനാവിധത്തിലുള്ള പരിശ്രമങ്ങൾ വഴി അതിന്റെ സാക്ഷാത്ക്കരണത്തിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്‌ത Terman നെ സിലിക്കൺ വാലിയുടെ പിതാവായി തന്നെ കണക്കാക്കപ്പെടുന്നു.

സിലിക്കൺ വാലി സംസ്കാരത്തിലെ ഇന്ത്യൻ കൈപ്പട

ഒരു ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഞാൻ ആദ്യമായി സിലിക്കൺ വാലി സന്ദർശിക്കുന്നതും അവിടുത്തെ സംസ്കാരം നേരിട്ട് അനുഭവിച്ചറിയുന്നതും. രാജീവ് motwani എന്ന വ്യക്തിയുടെ പേരിലുള്ളതായിരുന്നു ഈ ഫെല്ലോഷിപ്പ്. Stanford സർവകലാശാലയിലെ computer science വിഭാഗത്തിലെ ഒരു പ്രൊഫസറായിരുന്ന ഇദ്ദേഹത്തെക്കുറിച്ചു അധികമാരും ഒരു പക്ഷെ കേട്ടിട്ടുണ്ടാവില്ല.

ഗൂഗിൾ, paypal തുടങ്ങിയ നിരവധി പ്രശസ്ത കന്പനികളുടെ ഉപദേഷ്ടാവായിരുന്നു രാജീവ്. ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരുന്നു ഗൂഗിൾ സ്ഥാപകരായ Larry ഉം Sergey ഉം. ഇവരുടെ PHD guide ആയിരുന്നപ്പോൾ അവരോടൊത്തു രചിച്ച page rank അൽഗോരിതത്തിനെപ്പറ്റിയുള്ള ഗവേഷണ പേപ്പർ ആണ് ഗൂഗിളിന്റെ സെർച്ച് സാങ്കേതികവിദ്യയുടെ ആധാരം. ഗൂഗിളിലെ ആദ്യത്തെ നൂറിലധികം ജീവനക്കാരും ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരുന്നു. ജീവിച്ചിരിക്കുന്ന iron man എന്നറിയപ്പെടുന്ന Elon Musk ന്റെ ആദ്യത്തെ സംരംഭമായ paypal ന്റെ technical architecture വരച്ചു കൊടുത്തതും ഇദ്ദേഹം തന്നെ.

Terman ന്റെ പാത പിന്തുടർന്ന് തന്റെ വിദ്യാർത്ഥികളെ സംരംഭകരാകാൻ പ്രോത്സാഹിപ്പിച്ചും സ്വന്തം സന്പാദ്യത്തിൽ നിന്ന് പണം കൊടുത്തും സാങ്കേതിക ഉപദേഷ്ടാവായി പ്രവർത്തിച്ചും ഒട്ടനവധി സ്ഥാപങ്ങളുടെ ഉത്ഭവത്തിനും അഭിവൃദ്ധിക്കും രാജീവ് നിമിത്തമായി. ഏവരെയും പ്രതിഫലേഛ കൂടാതെ സഹായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഇദ്ദേഹം സിലിക്കൺ വാലിയുടെ സവിശേഷതയായി കണക്കാക്കപ്പെടുന്ന pay it forward സംസ്കാരത്തിന്റെ തന്നെ ഉപജ്ഞാതാവായാണ് കണക്കാക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിൽ വച്ച് നടന്നിരുന്ന രാജീവ് സർക്കിൾ എന്ന കൂട്ടായ്മയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഞങ്ങൾ Startup Village ൽ Community Gathering മുതലായ കൂട്ടായ്മകൽ ആസൂത്രണം ചെയ്തത് പോലും

സിലിക്കൺ വാലിയിലെ അദൃശ്യ ശക്തികൾ

യഥാർത്ഥത്തിൽ സിലിക്കൺ വാലിയുടെ ഉത്ഭവത്തിനു കാരണമായതും അതിനു കരുത്തു പകരുന്നതും അപ്പോൾ sandhill റോഡോ അവിടെ സ്ഥിതി ചെയ്യുന്ന venture capital സ്ഥാപങ്ങളോ അല്ല. മറിച്ചു അദൃശ്യ ശക്തികളായി നിസ്വാർത്ഥ സേവനം നടത്തി വന്നിരുന്ന രാജീവിനെയും Terman യും പോലുള്ള അദ്ധ്യാപകരാണ്. ഇവരുടെ ശിക്ഷണത്തിൽ വളർന്നു വന്ന പ്രതിഭകളുടെ ഉത്ഭവസ്ഥാനം അന്വേഷിച്ചു മേല്പറഞ്ഞ venture capital സ്ഥാപങ്ങൾ stanford സർവകലാശാലയുടെ സമീപത്തുള്ള sandhill road ൽ വന്നടിയുകയായിരുന്നു.

ഈ അധ്യാപകരും അവരുൾപെടുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളും പ്രദാനം ചെയ്യുന്ന ഭൗതികവും സാങ്കേതികവുമായ കരുത്തിന്റെ ആഴവും വ്യാപ്തിയും മൂലമാണ് പുതുപുത്തൻ ആശയങ്ങളുടെ ഒരു ഖനിയായിത്തന്നെ തീരുവാൻ ഈ കൊച്ചു പ്രദേശത്തിനായത്. അതിലെല്ലാമുപരി ധാർമികമായ തത്വശാസ്ത്രങ്ങളുടെ വക്താക്കളാണ് ഇവിടെ നിന്ന് വളർന്നു വരുന്ന സ്ഥാപനങ്ങളും അവയുടെ സ്ഥാപകരും എന്നതും ഈ ഗുരുക്കന്മാർ പകർന്നു നൽകിയ ആദർശങ്ങളുടെ ഫലമാണ്. അതിനാൽ തന്നെ ഇവിടെ നിന്ന് ഉത്ഭവിക്കുന്ന സ്ഥാപനങ്ങൾ പണം സന്പാദിക്കുന്നതിനേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഗൂഗിളിന്റെ "Dont be evil" എന്ന പ്രവർത്തന തത്വത്തിന്റെ പ്രചോദനം എവിടെ നിന്ന് എന്നതും അപ്പോൾ നമുക്ക് മനസിലാകുവാൻ സാധിക്കുന്നു.

സിലിക്കൺ വാലിയുടെ മുഖമുദ്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രീതികൾ ഒരുവിധം എല്ലാം തന്നെ അദ്ധ്യാപനവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സമൂഹത്തിൽ നിന്ന് കടമെടുത്തവയാണ്. ആശയങ്ങളുടെ ശക്തിക്കു പരമോന്നത പ്രാധാന്യം നൽകുക, ആശയങ്ങൾ തമ്മിൽ പങ്കു വക്കുക, വിശ്വാസത്തിലൂന്നിയുള്ള പ്രവർത്തന രീതികളൾ സ്വീകരിക്കുക, ഉപഭോക്താക്കളുടെ സേവനത്തിനു പ്രാധാന്യം നൽകുക, പരമാവധി സേവനങ്ങൾ സൗജന്യമായി നൽകുക, പ്രതിഫലേഛയില്ലാതെ ഏവരെയും സഹായിക്കുക, സാന്പത്തികമായും അല്ലാതെയുമുള്ള നേട്ടം ഉദാരമായി മറ്റുള്ളവരുമായി പങ്കു വെക്കുക തുടങ്ങിയവയെല്ലാം തന്നെ കാലാകാലങ്ങളായി അദ്ധ്യയന സമൂഹത്തിൽ അനുഷ്ഠിച്ചു വരുന്നവയാണ്. ഇവിടെയുള്ള സംരംഭകരുടെ ഇടയിൽ കാണപ്പെടുന്ന സുതാര്യമായ angel investing സംസ്കാരവും ഇതിന്റെ മറ്റൊരു ആവിർഭാവമാണ്. എന്തിനേറെപ്പറയുന്നു, ജോലി ചെയ്യാൻ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്ന് എന്ന് വിശേഷിക്കപ്പെടുന്ന ഗൂഗിൾ തങ്ങളുടെ ക്യാംപസും പ്രവർത്തന രീതികളും ഒരു കോളേജ് ക്യാംപസിന്റെ മാതൃക അനുകരിച്ചല്ലേ സൃഷ്ട്ടിച്ചിരിക്കുന്നത്.

അദ്ധ്യാപകരുടെ മഹത്തായ പങ്ക്

എങ്ങനെ ഒക്കെ നോക്കിയാലും നല്ലൊരു സാങ്കേതിക സംരംഭകത്വ സംസ്കാരം വളർത്തുന്നതിൽ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. പ്രത്യക്ഷവും പരോക്ഷവുമായി നമ്മുടെ നിരവധി അദ്ധ്യാപകർ ചെറുതും വലുതുമായ രീതികളിൽ നിസ്വാർത്ഥമായി പ്രവർത്തിച്ചതു കൊണ്ട് തന്നെയാണ് ഇന്ന് നമ്മൾ കാണുന്ന സംരംഭകത്വ സംസ്കാരം നമ്മുടെ campus കളിൽ തളിർക്കുവാൻ തുടങ്ങിയിരിക്കുന്നത്. എന്റെ പ്രവർത്തനകാലയളവിൽ അങ്ങനെയുള്ള ഒരുപാട് അദ്ധ്യാപകരുടെ പ്രയത്‌നങ്ങളെക്കുറിച്ചു അറിയുവാൻ ഇടയായിട്ടുണ്ട്. അതിലും പതിന്മടങ്ങു അദ്ധ്യാപകർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് എന്നതും തീർച്ചയാണ്.

നമ്മുടെ കലാലയങ്ങളിൽ നിന്ന് മികച്ച സംരംഭകരും സംരംഭങ്ങളും വന്നിട്ടുണെങ്കിൽ അതിന്റെ പിന്നിൽ പ്രോത്സാഹനവും മറ്റു സഹായസകരണങ്ങളുമായി ഒരു അധ്യാപകൻ എങ്കിലും കാണും എന്നത് സുനിശ്ചിതം. ഞങ്ങളുടെ സ്റ്റാർട്ടപ്പ് ആയ മോബ്മിയുടെ ആദ്യകാലങ്ങളിൽ എന്റെ സുഹൃത്തും സഹപ്രവർത്തകനും ആയിരുന്ന സഞ്ജയ്‌ക്കു അന്നത്തെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ഡിപ്പാർട്മെന്റ് മേധാവി ആയിരുന്നു പ്രൊഫസർ അനിൽ ചെയ്തുകൊടുത്തിട്ടുള്ള ഉപകാരങ്ങൾ അതിനൊരു ഉദാഹരണം മാത്രമാണ്.

"When we set out to create a community of technical scholars in Silicon Valley, there wasn't much here and the rest of the world looked awfully big. Now a lot of the rest of the world is here" — Frederick Terman

നമ്മുടേതു പോലുള്ള ഒരു സ്ഥിതിവിശേഷമായിരുന്നു തുടക്കത്തിൽ Terman ഉം നേരിട്ടത് എന്നത് അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ നിന്ന് നമ്മുക്ക് ഉൾക്കൊള്ളാം. ഓരോ അദ്ധ്യാപകനും അവരവരുടെ കോളേജുകളിലെ സംരംഭകത്വ സംസ്കാരം വളർത്തുന്നതിനുള്ള അവസരം നമുക്ക് രാജീവിന്റെയും Terman ന്റെയും കഥകളിൽ നിന്നും തിരിച്ചറിയാം. ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ സിലിക്കൺ വാലിയിൽ കണ്ടതിനു സമാനമായിട്ടുള്ള സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു സംസ്‌കാരം നമ്മുടെ കൊച്ചു കേരളത്തിൽ വളർത്തിയെടുക്കാൻ നമുക്ക് നമുക്ക് പ്രയത്‌നിക്കുകയും ചെയ്യാം