സ്റ്റാർട്ടപ്പ് നിക്ഷേപകലോകത്തെ പരിവർത്തനങ്ങൾ

സാന്പത്തികലോകം പരിവര്‍ത്തനാത്മകമായ ഒന്നാണ്. ഈയടുത്തകാലത്തു കണ്ടുവരുന്ന പ്രവണതകളുടെ അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളുമായി ബന്ധപെട്ടു നിൽക്കുന്ന സാന്പത്തികലോകത്തു നടന്നുകൊണ്ടിരിക്കുന്ന ചില സുപ്രധാന മാറ്റങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നതാണ് ഇന്നത്തെ പംക്തി

1. മാറുന്ന angel നിക്ഷേപക ഭൂപടം

സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇന്ത്യയിൽ നമുക്ക് കാണുവാൻ സാധിച്ചിട്ടുള്ളത്. ഇതിലെ നല്ലൊരു ശതമാനം പ്രാരംഭഘട്ട നിക്ഷേപങ്ങളും അതിൽ ബഹുഭൂരിഭാഗം angel നിക്ഷേപകർ മുഖേന നടക്കുന്നവയുമാണ്. നിക്ഷേപങ്ങളെക്കുറിച്ചുള്ള മുൻ പംക്തിയിൽ പറഞ്ഞിരുന്നത് പോലെ ഒരു ശരാശരി angel investment, 8 കോടി - 10 കോടി മൂല്യത്തിൽ ഒരു കോടി മുതൽ അഞ്ചു കോടി വരെ ധനം ഒരു സ്റ്റാർട്ടപ്പ് സമാഹരിക്കുന്നു. മതിപ്പുകണക്കുകൾ പ്രകാരം, നാല്പതിനും എഴുപത്തിനും ഇടക്കാണ് ഇന്ത്യയിൽ ഒരു മാസം നടക്കുന്ന angel നിക്ഷേപങ്ങളുടെ സംഖ്യ. ഈ സംഖ്യ വരും വർഷങ്ങളിൽ ഇനിയും വളർന്നു മാസത്തിൽ നൂറിലധികമായി ഉയരുമെന്നാണ് നമുക്ക് അനുമാനിക്കാൻ കഴിയുന്നത്.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കുത്തനെ ഉള്ള ഒരു വളർച്ചയാണ് angel നിക്ഷേപകരുടെ എണ്ണത്തിലും രാജ്യത്തിൽ നമുക്ക് കാണാൻ സാധിച്ചത്. ഇതിൽ ഏറ്റവും ആവേശകരമായ പ്രവണത എന്നു പറയുന്നത് angel നിക്ഷേപരംഗത്തേക്ക് സ്റ്റാർട്ടപ്പ് സംരംഭകർ, ബഹുരാഷ്ട്ര കന്പനികളിൽ അല്ലെങ്കിൽ മികച്ച സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിൽ സീനിയർ മാനേജ്മെന്റ് തലത്തിൽ പ്രവർത്തിക്കുന്ന പ്രൊഫഷണൽസ്, പരന്പരാഗത ബിസിനസ്സ് കുടുംബങ്ങളിൽ നിന്നുള്ള പുതുതലമുറക്കാർ എന്നിവരുടെ പ്രവേശനമാണ്. ഇന്ന് ഒട്ടനവധി HNI's സ്റ്റാർട്ടപ്പുകളെ ഒരു നല്ല നിക്ഷേപമേഖലയായി കണ്ടുവരുന്നു. ദിനംപ്രതി അത്തരം HNI കളുടെ എണ്ണവും കൂടി വരുന്നു. Lets Venture എന്ന online angel investment platform ൽ മാത്രം ആയിരത്തിൽപ്പരം angel നിക്ഷേപകർ ഇന്നുണ്ട്.

ഇന്ത്യയിൽ ഇത്തരത്തിൽ നിക്ഷേപങ്ങൾ ലഭിക്കുന്ന ലഭിക്കുന്ന സ്റ്റാർട്ടപ്പുകളേതെന്ന് അറിയുന്നതിനും അതിലെ നിക്ഷേപകർ ഏതൊക്കെയെന്നും അറിയുന്നതിന് YourStory, Inc42, Trak.in എന്ന online പോർട്ടൽ ഉപയോഗപ്പെടുത്താവുന്നതാണ്. Inc42 എല്ലാ ആഴ്ചയും Funding Roundup എന്ന പേരിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്പോൾ, ഒരു വർഷത്തിലുള്ള നിക്ഷേപ വിവരങ്ങൾ Trak.in പട്ടികരീതിയിൽ സമാഹരിക്കുന്നു.

2. Convertible എന്ന സാന്പത്തിക ഉപകരണത്തിന്റെ പ്രത്യക്ഷത

നമ്മുടെ സ്റ്റാർട്ടപ്പ് നിക്ഷേപരംഗത്ത്‌ കണ്ടു വരുന്ന മാറ്റങ്ങളിൽ ഏറ്റവും ആവേശകരമായ ഒന്നായി ഞാൻ കണക്കാക്കുന്നത് ഈ മേഖലയിൽ convertible debt എന്ന സാന്പത്തിക ഉപകരണം ഉപയോഗപ്പെടുത്തുന്നത് ദൃശ്യമായിത്തുടങ്ങി എന്നതാണ്. ഈ ഉപകരണം പൊതുവെ convertible എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. പ്രാരംഭഘട്ട സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ ഉപകരണമാണ് convertible കൾ. സിലിക്കൺ വാലിയിൽ angel നിക്ഷേപങ്ങൾ ഉൾപ്പടെയുള്ള പ്രാരംഭഘട്ട നിക്ഷേപങ്ങൾ ഒരുവിധം എല്ലാംതന്നെയും convertible മാതൃകയിൽ ആണ് നടക്കാറുള്ളത്.

സംരംഭകരുടെയും നിക്ഷേപകരുടെയും താത്പര്യങ്ങൾക്കു ഒരേപോലെ പ്രാധ്യാന്യം നൽകുന്ന രീതിയിലാണ് convertible കളുടെ ഘടന. മൂല്യനിർണ്ണയവും അതിനോടനുബന്ധിച്ചുള്ള എഴുത്തുകുത്തുകളും ഭാവിയിലെ ഒരു കാലയളവിലേക്ക് മാറ്റിവക്കുവാൻ ഈ സാന്പത്തിക ഉപകരണം മൂലം സാധിക്കുന്നു എന്നതാണ് ഇവയുടെ സവിശേഷത. ഇതിനുള്ള നഷ്ടപരിഹാരം എന്ന കണക്കിന് നിക്ഷേപകർക്ക് ഓഹരിവിലയുടെ മൂല്യത്തിൽ കിഴിവും കൊടുക്കുന്നു. 25 ശതമാനമാണ് പൊതുവിൽ കണ്ടുവരുന്ന കിഴിവ്. ഇത്തരത്തിലുള്ള പല മാനദണ്ഡങ്ങൾ വഴി നിക്ഷേപകരുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ സ്റ്റാർട്ടപ്പ് നിക്ഷേപകങ്ങൾക്കു ആവശ്യകമായ അയവുകൾ ഉൾക്കൊള്ളിക്കുക convertible കൾ സാധ്യമാക്കുന്നു.

Convertible മാതൃകയിൽ നിക്ഷേപങ്ങൾ നൽകുന്ന ഇന്ത്യയിലെ പ്രധാന സ്റ്റാർട്ടപ്പ് പദ്ധതികൾ IIITH Hyderabad നടത്തുന്ന aavishkar, Kalari Capital നടത്തുന്ന KStart എന്നിവയാണ്. പ്രമുഖ സ്റ്റാർട്ടപ്പ് മത്സരമായ Qualcomm QPrize അവരുടെ പ്രതിഫലം നൽകുന്നതും convertible മുഖേനയാണ്.

3. Crowdfunding ന്റെ ഉത്ഭവം

സ്റ്റാർട്ടപ്പ് നിക്ഷേപ മേഖലയിൽ കണ്ടുവരുന്ന ഏറ്റവും പ്രബലമായ മാറ്റം crowdfunding എന്ന പ്രതിഭാസത്തിന്റെ ഉടലെടുക്കലാണ്. ഇതിന്റെ തുടക്കം US ൽ Kickstarter എന്ന സംരംഭത്തിലൂടെയാണ്. അതീവവേഗതയിൽ ഇതു മറ്റു രാജ്യങ്ങളിലേക്കും പടർന്നുകൊണ്ടിരിക്കുന്നു. ഭാവിയിൽ സ്റ്റാർട്ടപ്പ് മേഖലയിലെ പ്രാരംഭഘട്ട നിക്ഷേപങ്ങൾ എല്ലാം തന്നെ crowdfunding ലേക്ക് മാറും എന്നാണ് പ്രവചിക്കപ്പെടുന്നത്. ഇനി അങ്ങനെ ആയിത്തീർന്നില്ലെങ്കിൽത്തന്നെ crowdfunding എന്ന ധനസമാഹാരണ മാർഗത്തിന്റെ വരും കാലങ്ങളിൽ ഉണ്ടാകുവാൻ പോകുന്ന കരുത്തും പ്രാധ്യാന്യവും ഈ പ്രവചനങ്ങൾ നമുക്ക് വ്യക്തമാക്കിത്തരുന്നു.

മൂന്നു തരം Crowdfunding-കളാണ് നിലവിലുള്ളത്. സംഭാവന (gift), ഓഹരി (equity) , വായ്പ (debt) അധിഷ്‌ഠിതമായയുള്ളതാണ് ഇവ. Gift crowdfunding-ൽ അഭ്യുദയകാംക്ഷികളിൽ നിന്നുള്ള സംഭാവന വഴിയോ അല്ലെങ്കിൽ pre order-കൾ വഴിയോ ധനസമാഹരണം നടത്തുന്നു. Kickstarter, Indiegogo എന്നിവയാണ് ലോകത്തിലെ ഏറ്റവും മികച്ച gift crowdfunding പ്ലാറ്റ്ഫോമുകൾ. ഇന്ത്യയിൽ നിന്നുള്ള പ്ലാറ്റ്ഫോമുകളാണ് Wishberry, Ketto, Bitgiving എന്നിവ. നൂതന ആശയങ്ങളുള്ള ഒട്ടനവധി സംരംഭകങ്ങൾ ഇന്ന് ആദ്യ മൂലധനം സ്വരൂപിക്കുന്നതും അവരുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതും gift crowdfunding വഴിയാണ്.

Crowdfunding വഴി ഓഹരിക്കു പകരമായി ധനസമാഹാരം നടത്തുന്പോൾ അതിനെ equity crowdfunding എന്നു വിശേഷിക്കപ്പെടുന്നു. സുസ്ഥാപിതമായ കന്പനികൾ ഓഹരി വിപണിയിൽ നിന്നു ധനസമാഹരണം നടത്തുന്നതിന് സമാനമാണിത്. US ആസ്ഥാനമായി പ്രവർത്തിക്കുന്ന Angelist, Israel ആസ്ഥാനമായി പ്രവർത്തിക്കുന്ന OurCrowd എന്നിവയാണ് പ്രധാന equity crowdfunding പ്ലാറ്റ്ഫോമുകൾ. Crowdfunding വഴി വായ്പയാണ് സ്വരൂപിക്കുന്നതെങ്കിൽ അതിനെ debt crowdfunding എന്നു പറയുന്നു. ഇതിലെ കേമൻ Lending Club എന്ന സ്ഥാപനമാണ്. വായ്പാസമാഹരണ പ്രക്രിയയിൽ നിന്നും ബാങ്ക് എന്ന ഇടനിലക്കാരൻ ഇല്ലാതാവുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയം.

Crowdfunding ലെ കേരള മികവ്

കേരളത്തിൽ നിന്നുള്ള നിരവധി സ്റ്റാർട്ടപ്പുകൾ ഇത്തരത്തിൽ gift crowdfunding മുഖേന ധനസമാഹരണം നടത്തിയിട്ടുണ്ട്. ഇതിൽ ആദ്യത്തേത് Fin Robotics ആയിരുന്നു. ഒരു ലക്ഷം ഡോളർ എന്ന ലക്ഷ്യവുമായി crowdfunding campaign തുടങ്ങിയ അവർ ഒടുവിൽ രണ്ടു ലക്ഷത്തിൽപ്പരം ഡോളറാണ് സമാഹരിച്ചത്. ഇവർക്ക് പിന്നാലെ Mindhelix, SectorQube, Exploride എന്ന സ്റ്റാർട്ടപ്പുകളും gift crowdfunding മാർഗത്തിലൂടെ വിജയകരമായി ധനസമാഹരണം നടത്തുകയുണ്ടായി.