സിലിക്കൺ വാലിയിലെ കൗതുകക്കാഴ്ചകൾ

ഞാൻ നേതൃത്വം വഹിച്ച SVSquare പദ്ധതിയുടെ ഭാഗമായിട്ടുള്ള സിലിക്കൺ വാലി പര്യടനത്തിൽ കൗതുകകരമായ ഒട്ടേറെ കാഴ്ചകളും ആശയങ്ങളും നേരിട്ടു അനുഭവിച്ചറിയാൻ ഇടയായി. അത്തരത്തിലുള്ള ഒരു അനുഭവത്തെക്കുറിച്ചാവട്ടെ ഇന്നത്തെ പംക്തി

എവർനോട്ട് സന്ദർശനം

Technology startup ലോകത്തെ iconic സ്ഥാപനങ്ങളിൽ ഒന്നാണ് എവർനോട്ട്. SVSquare പര്യടനത്തിൽ ഞങ്ങൾ സന്ദർശിച്ച കന്പനികളിൽ എവർനോട്ടും ഉണ്ടായിരുന്നു. സിലിക്കൺ വാലിയിലെ tech startup സംസ്കാരം പ്രത്യേകം എടുത്തു പറയേണ്ടതാണ്. തുറന്ന ഓഫീസ് രൂപകല്പനകൾ, സൗജന്യ ഭക്ഷണം, ആശയങ്ങൾ എഴുതാൻ പാകത്തിനുള്ള ideapaint ഭിത്തികൾ ഇതെല്ലാംതന്നെ എവർനോട്ടിലും കാണാം. സാധാരണയായി കണ്ടു വരാത്ത ചില കാര്യങ്ങളും എവർനോട്ട് സന്ദർശനത്തിൽ എനിക്കു കണ്ടു പഠിക്കുവാൻ സാധിച്ചു.

കൗതുകമുണർത്തിയ ഒരു കോഫി കൗണ്ടർ

കന്പനിയിൽ കയറുന്ന ഉടനെ റിസപ്ഷൻ ഏരിയയുടെ വലതു വശത്തായി ഒരു കോഫി കൗണ്ടർ. ഇത്തരത്തിലുള്ള കോഫി കൗണ്ടറുകൾ ഇപ്പോൾ ഏതൊരു ഓഫീസിലും സാധാരണമാണെന്നു പറയാം. എന്നാൽ വളരെ ശ്രദ്ധാപൂർവം കോഫി ഉണ്ടാക്കിത്തരുന്ന ഒരു വ്യക്തി ആ കോഫി കൗണ്ടറിൽ ഉണ്ടായിരുന്നു. ഇതു തികച്ചും അസാധാരണമാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഇതുവരെ ഞാൻ കണ്ടു വന്നിട്ടുള്ള കോഫി കൗണ്ടറുകൾ "Help Yourself" മാതൃകയിലുള്ളവയാണ്. എന്നാൽ ഇവിടെ ഞങ്ങൾക്ക് കോഫി തന്ന് സല്ലപിച്ചതിനു ശേഷം അടുത്തയാളെയും വളരെ ഹാർദ്ദവമായി സ്വീകരിച്ചു കോഫി കൊടുത്തു സല്ലപിക്കുന്ന കാഴ്ചയാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്.

അപ്പോഴേക്കും ഞങ്ങളുടെ ആതിഥേയനായ Troy Malone ഞങ്ങളെ വന്നു സ്വീകരിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നെത്തിരിക്കുന്ന ഞങ്ങളെ സ്വീകരിക്കുവാൻ ഇന്ത്യൻ ക്രിക്കറ്റ് റ്റീമിന്റെ ഒരു ജെർസി തരപ്പെടുത്തി അതും അണിഞ്ഞുകൊണ്ടാണ് Troy വന്നത്. ആഗോളതലത്തിൽ എവർനോറ്റിന്റെ ബിസിനസ് development ന്റെ മേൽനോട്ടം വഹിക്കുന്ന ഓഫീസർ ആയിരുന്നു Troy.

ബരിസ്റ്റയായി സിഇഒ

അറിയുവാനുള്ള ആഗ്രഹം അടക്കാൻ സാധിക്കാത്തതിനാൽ ഞങ്ങൾ ആദ്യം ചോദിച്ച ചോദ്യങ്ങളിൽ തന്നെ ഒന്നു പ്രതീക്ഷക്കു വിപരീതമായ ആ കോഫി കൗണ്ടറിനെപ്പറ്റിത്തന്നെയായിരുന്നു. അങ്ങനെ Troy യിൽ നിന്നു ഞങ്ങൾക്ക് അറിയാൻ സാധിച്ചത് കോഫി കൗണ്ടറിൽ ഞങ്ങളെ വരവേറ്റു ഞങ്ങൾക്ക് കാപ്പി ഉണ്ടാക്കി തന്ന വ്യക്തി ആ സ്ഥാപനത്തിലെ വളരെ സീനിയർ ആയ Vice President സ്ഥാനത്തുള്ള ഒരു ഓഫീസർ ആണെന്നുള്ളതാണ്. ആ സ്ഥാപനത്തിൽ സീനിയർ മാനേജ്മെന്റ് തലത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസർമാരും, CEO ഉൾപ്പടെ, ക്രമമായി ഇത്തരത്തിൽ ഒരു മണിക്കൂർ വീതം കോഫി കൗണ്ടറിൽ നിൽക്കേണ്ടതുണ്ടത്രേ.

ഉദ്ദേശം ലളിതമാണ്. സ്ഥാപനത്തിലുള്ളവർക്കു അവരുടെ മേലുദ്യോഗസ്ഥരെ പരിചയപ്പെടുന്നതിനും എല്ലാവർക്കും പരസ്പരം അനൗപചാരികമായ പശ്ചാത്തലത്തിൽ ബന്ധപ്പെടാനും അടുത്തറിയാനും ആണ് ഈ സന്പ്രദായം. ഇവരിൽ ആരൊക്കെ ഏതൊക്കെ സമയങ്ങളിലാണ് നിൽക്കുന്നത് എന്ന സമയവിവരങ്ങൾ സ്ഥാപനത്തിൽ എല്ലാവർക്കും കാണാവുന്ന രീതിയിൽ ഒരു ഓൺലൈൻ കലണ്ടറിലും രേഖപ്പെടുത്തിയിരിക്കുന്നു. ഏതെങ്കിലും ഒരാളെ ആർക്കെങ്കിലും കാണണമെങ്കിലും കൂടുതൽ പരിചയപ്പെടണമെങ്കിലും അദ്ദേഹത്തിന്റെ നിയുക്ത സമയം നേരത്തെ പറഞ്ഞ ഓൺലൈൻ കലണ്ടർ നോക്കി തിട്ടപ്പെടുത്തി ആ സമയം ഒരു കോഫി break ആയി plan ചെയ്തു കോഫി കൗണ്ടറിലേക്കു എത്താവുന്നതാണ്. ലളിതവും രസകരവുമായ ഈ വഴക്കം പ്രേമത്തിലെ നമ്മുടെ വിമൽ സാറുടെ ഭാഷയിൽ പറഞ്ഞാൽ സിംപിളും പവർഫുളും ആണ്.

വേണം മാറ്റം പ്രവർത്തന സംസ്കാരത്തിലും നയങ്ങളിലും

സ്തുത്യർഹവും പക്വതയാർന്നതുമായ ഒരു പ്രവർത്തന സംസ്കാരത്തിന് ഉടമയാണ് എവർനോട്ട് എന്നാണ് നമുക്ക് ഇതിൽനിന്നെല്ലാം മനസിലാക്കാൻ സാധിക്കുന്നത്. നമ്മുടെ ഏതെങ്കിലും പ്രമുഖ സ്ഥാപങ്ങളിലെ CEO അല്ലെങ്കിൽ MD നമുക്ക് ചായ തരുന്ന സ്ഥിതിവിശേഷം നമുക്ക് ആലോചിക്കാൻ പോലും കഴിയുമോ?

വ്യക്തികൾ തമ്മിൽ സംവാദവും ആശയവിനിമയവും നടക്കുന്നത് വഴി ആണ് അവരുടെ സർഗ്ഗശക്തിയും സഹവർത്തിത്വവും പരിപോഷിപ്പിക്കപ്പെടുന്നതെന്നു സമർത്ഥമായ സ്ഥാപനങ്ങൾ തിരിച്ചറിയുന്നു. അത്തരത്തിൽ ജീവനക്കാർ തമ്മിൽ കാണാനും സംസാരിക്കാനും നല്ല ബന്ധം ഉടലെടുക്കാനും സഹാകയമാവുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നത് ഏതൊരു കന്പനിയുടെയും ആവശ്യമാണ്. അതു വരുത്തിയെടുക്കുക എന്നുള്ളത് നേതൃത്വത്തിന്റെ ഉത്തരവാദിത്വവും. അറിവിന്റെ അതിപ്രസരവും, ഏകാഗ്രതയുടെ അഭാവവും, സ്വകാര്യ ഉപഭോഗത്തിനുതകുന്ന ഡിജിറ്റൽ ഉപകാരണങ്ങളിലുള്ള അമിത ആശ്രയവും നിലകൊള്ളുന്ന ഈ കാലഘട്ടത്തിൽ ഇതിനു ഒന്നുകൂടെ പ്രാധ്യാന്യം ഏറുന്നു.

മാനവവിഭവശേഷിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്ന നയങ്ങളാണ് നമ്മൾ നമ്മുടെ എല്ലാ സ്ഥാപനങ്ങളിലും അനുവർത്തിക്കേണ്ടത്. അതിനു തന്നെയാണ് ഏറ്റം പ്രാധാന്യം നൽകേണ്ടതും. അപ്പോഴേ ആ സ്ഥാപനത്തിന് അതിന്റെ യഥാർത്ഥ വളർച്ച പ്രാപ്യമാവുകയും അതിന്റെ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും താല്പര്യങ്ങൾ അക്ഷരാർത്ഥത്തിൽ പരിരക്ഷിക്കപ്പെടുകയും ചെയ്യുന്നുള്ളു. ഇത്തരത്തിൽ ഉത്പാദനക്ഷമത വർധിപ്പിക്കുന്ന രീതികളാൽ നവീന സ്ഥാപനങ്ങൾ പടുത്തുയർത്തുകയാണ് നവസംരംഭകർ അവരുടെ startup കളിലൂടെ ചെയ്യുന്നത്.

അല്പം നർമവിശേഷങ്ങളും

ഉപസംഹരിക്കുന്നതിനു മുൻപ് എവർനോട്ടിനെപ്പറ്റി അല്പം നർമവിശേഷം കൂടി. നമ്മുടെ ഓർമക്കുറിപ്പുകൾ എല്ലാം തന്നെ ഡിജിറ്റലായി ശേഖരിച്ചു മൊബൈലോ കംപ്യൂട്ടറോ മറ്റേതെങ്കിലും ഡിജിറ്റൽ ഉപകരണം വഴിയോ നമുക്ക് എപ്പോഴും ലഭ്യമാക്കിത്തരുകയും ചെയ്യുന്ന ഒരു പ്രോഡക്റ്റാണ് എവർനോട്ട്. അവരുടെ ലോഗോ ആണെങ്കിലോ ഒരു ആനയുടെ പടവും. അങ്ങു അമേരിക്കയിലുള്ള എവർനോട്ട് എന്തിനു അവരുടെ ലോഗോ കേരളത്തിന്റെ സംസ്ഥാന മ്ര്യഗമായ ആനയുടെ പടമാക്കാൻ തിരുമാനിച്ചു? ഇതിന്റെ ഉത്തരവും ട്രോയ് തന്നെ പറഞ്ഞു തന്നു.

'Elephants never forget' എന്നു പഴമക്കാരുടെ ഇടയിൽ ഒരു ചൊല്ലുണ്ട്. ആനകൾ ഒന്നും മറക്കാറില്ലത്രേ. അതുപോലെ നമ്മുടെ മനസിൽ ഉടലെടുത്ത ആശയങ്ങളും ചിന്തകളും പകർത്തിയ കുറിപ്പുകൾ ഒരിക്കലും മറക്കാതെ നമുക്ക് വേണ്ടി സൂക്ഷിച്ചു തരുന്നു എവർനോട്ട് എന്നതിന് സൂചകമായാണ് അവരുടെ ലോഗോയിലെ ആന.

അവരുടെ ക്യാന്റീനിൽ ലഭിക്കുന്ന ഭക്ഷണവിഭവങ്ങൾക്ക് Hobbit പ്രമേയത്തിലുള്ള പേരുകളാണ്. എന്നാൽ ഇതു എവർനോട്ടിന്റെ സ്ഥാപകന് hobbit ചലച്ചിത്രത്തോടും പുസ്തകത്തോടും ഉള്ള കന്പം കാരണം മാത്രമാണത്രെ. കഥകളെല്ലാം കേട്ടറിഞ്ഞതിനു ശേഷം അവിടെ idea wall ഭിത്തിയിൽ ആരോ വരച്ചുവച്ചിരുന്നു ഒരു കുട്ടിക്കൊന്പന്റെ ചിത്രം എന്റെ മൊബൈലിന്റെ ക്യാമറയിൽ പകർത്തി ഞങ്ങൾ അവിടെ നിന്നു യാത്രയായി. ആ കുട്ടിക്കൊന്പന്റെ അരികിൽ എഴുതി വച്ചിരുന്നു "Elephants never forget"