ഒരു യുവാവിന്റെ കഥ

എന്റെ നേതൃത്വകാലയളവിൽ ഒട്ടനവധി യുവസംരഭകരുടെ പ്രസംസനീയമായ വളർച്ചക്ക് നിമിത്തം ആകാൻ സ്റ്റാർട്ടപ്പ് വില്ലേജിന് സാധിച്ചു എന്നത് എനിക്ക് വളരെ അധികം സന്തോഷവും ആത്മ സംതൃപ്തിയും തരുന്ന ഒരു കാര്യമാണ്. അതിൽ എടുത്തുപറയാവുന്ന മിടുമിടുക്കനായ ഒരു സംരഭകന്റെ കഥ ആവട്ടെ ഇന്നത്തെ പംക്തി.

ആദ്യ കൂടിക്കാഴ്ച

പിറവത്തിനടുത്തുള്ള ആരക്കുന്നത്തെ ഒരു ഹോസ്റ്റൽ മുറിയിൽ തന്റെ സുഹൃത്തിനോടൊപ്പമാണ് വയനാട് സ്വദേശി ആയ ജിബിന്റെ startup ന്റെ തുടക്കം. ഒരു കോൺഫറൻസിനായി ബാങ്കോക്കിലേക്കുള്ള യാത്രയിലാണ് ഞാൻ ആദ്യമായി ജിബിനെ പരിചയപ്പെടുന്നത്. സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥാപിതമായിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിരുന്നുള്ളു. കോൺഫറൻസിനോട് അനുബന്ധിച്ച് നടക്കുന്ന hackathon മത്സരത്തിൽ ഇന്ത്യയെ പ്രതിനീധികരിച്ചുള്ള ടീമിലെ ഒരംഗമായിരുന്നു ജിബിൻ. സ്റ്റാർട്ടപ്പ് വില്ലേജ് സി.ഇ.ഒ എന്ന നിലയിൽ ആ ടീമിനെ അനുഗമിചിരുന്നത് ഞാനും. അന്ന് TOCH എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ വിദ്യാർഥി ആയിരുന്ന ജിബിൻ ഇന്ന് 25 കോടിയോളം വിലമതിക്കുന്ന Flip Motion എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒ യും ആണ്.

ജിബിൻ ആദ്യം സ്റ്റാർട്ടപ്പ് വില്ലേജിലേക്ക് എത്തുന്പോൾ hackathon എന്താണെന്നോ, startup എന്താണെന്നോ യാതൊരുവിധ ധാരണയും ഇല്ലായിരുന്നു എന്ന് മാത്രമല്ല താൻ ഒരു നല്ല coder ആണെന്ന വിശ്വാസവും ഇല്ലായിരുന്നു. മറ്റേതൊരു വിദ്യാർത്ഥിയേയും പോലെ പഠിത്തം കഴിഞ്ഞാൽ നല്ല ജോലി കിട്ടുമോ എന്ന പേടിയും ഉണ്ടായിരുന്നു. 2012 അദ്ധ്യയന വർഷത്തിലെ ആദ്യ ഏതാനും മാസങ്ങൾക്കകം ഈ സ്ഥിതിഗതികൾ എല്ലാം മാറിമറിഞ്ഞു.

എല്ലാത്തിനും തുടക്കമായ ഒരു ബസ്‌ യാത്ര

കഥ തുടങ്ങുന്നത് ജിബിന്റെ ഒരു ബസ്‌ യാത്രയിൽ നിന്നാണ്. ബാഗ്ലൂരിൽ നടക്കുന്ന ഹാക്കത്തോൺ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നതിനായി സ്റ്റാർട്ട്‌ അപ്പ്‌ വില്ലേജ് ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു ഈ ബസ്‌ യാത്ര. ഹാക്കത്തോണിനെപ്പറ്റി കേട്ടിട്ടുപോലുമില്ലാത്ത ജിബിൻ സുഹൃത്തുക്കളുമായി സൌജന്യമായിട്ടൊരു ബാംഗ്ലൂർ യാത്ര എന്ന ആവേശത്തിൻറെ പുറത്ത്‌ ചാടി പുറപ്പെട്ടു. ഭാഗ്യമെന്നു പറയട്ടെ ജിബിന്റെ ടീം അതിൽ വിജയികളാവുകയും ചെയ്തു. ഈ വിജയത്തിന്റെ തുടർച്ചയായിട്ടായിരുന്നു നേരത്തേ പറഞ്ഞ ബാങ്കോക്ക് യാത്ര. അങ്ങനെ ആണ് ജിബിൻ ആദ്യമായിട്ട് ഒരു അന്താരാഷ്ട്ര മത്സരത്തിലും കോൺഫറൻസിലും പങ്കെടുക്കുന്നതും. ഒരു ശരാശരി മലയാളിയിയുടെ സ്വപ്നം കൂടി ആയ പുറം രാജ്യത്തിലേക്കുള്ള യാത്രയും പഞ്ചനക്ഷത്ര ഹോട്ടൽ താമസവും അതുവഴി സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു.

ബാംഗ്ലൂരിൽ കാഴ്ച വച്ച തകർപ്പൻ പ്രകടനം ഫൈനലിൽ ആവർത്തിക്കാനായില്ല. ഫലം വന്നപ്പോൾ സ്ഥാനം ഒടുവിൽ നിന്നും രണ്ടാമത്. എട്ടുനിലയിൽ പൊട്ടി എന്ന് ചുരുക്കം. എങ്കിലും ഇതിൽ നിന്നെല്ലാം നേടിയ പ്രവൃത്തിപരിചയവും അനുഭവസന്പതും വലിയ മുതൽകൂട്ടയി. മികച്ച പരിശ്രമത്തിലൂടെ ലോകത്തിലെ ആരോടുംതന്നെ മാറ്റുരച്ചു ജയിക്കാനുള്ള കഴിവും സാമർത്യവും ഉണ്ടെന്നുള്ള വിശ്വാസവും ഉടലെടുത്തു. അങ്ങനെ എല്ലാം കൊണ്ടും ആ ബാംഗ്ലൂർ യാത്ര ജിബിന്റെ ജീവിതത്തിന്റെ ദിശ തന്നെ മാറ്റിമറിക്കുന്ന ഒന്നായി മാറി.

Rideblock എന്ന ആശയത്തിന്റെ ജനനം

തിരിച്ചെത്തിയ ജിബിൻ പുതുതായി ആർജിച്ച ആത്മവിശ്വാസത്തിന്റെ ബലത്തിൽ സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ തിരുമാനിക്കുകയായിരുന്നു. ആദ്യത്തെ ആശയം ചെറുകിട വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള Dot Retail എന്ന ഒരു മൊബൈൽ app. ഈ ആശയത്തെ ആസ്പദമാക്കി സമർപ്പിച്ച അപേക്ഷ SVSquare പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ടുകയും, അതുവഴി 5 വിദ്യാർഥിസംരംഭകരിൽ ഒരാളായി അമേരിക്കയിലെ Silicon Valley സന്ദർശിക്കാൻ ജിബിന് അവസരം ലഭിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ സഹകരത്തോടെ Startup Village ആസൂത്രണം ചെയ്ത മറ്റൊരു പ്രധാന പദ്ധതി ആയിരുന്നു SVSquare. SVSquare പഠനപര്യടനത്തിനു നേതൃത്വം നല്കിയതും അന്ന് സി.ഇ.ഒ ആയിരുന്ന ഞാൻ തന്നെ ആയിരുന്നു.

ഹാർഡ്‌വെയർ അധിഷ്ഠിത startup-കളെപ്പറ്റിയും IOT സാങ്കേതിക മേഘലയിൽ ഇന്ന് ലോകത്തിൽ കണ്ടു വരുന്ന വികാസങ്ങളെപ്പറ്റിയും അതിന്റെ സധ്യതകളെപ്പറ്റിയും ജിബിന് കൂടുതൽ അറിവ് ലഭിക്കുന്നത് Silicon Valley പര്യടനത്തിലൂടെയാണ്. തന്റെ ആദ്യത്തെ ആശയം മാറ്റി ചിന്തിക്കാനും അത് ജിബിനെ പ്രേരിപ്പിച്ചു. കുട്ടിക്കാലം മുതൽക്കേ skateboarding-നോടുള്ള ജിബിന്റെ താത്പര്യവും കൂടി ആയപ്പോൾ എത്തിച്ചേർന്നത് RideBlock എന്ന ആശയത്തിൽ. Skateboarding ചെയ്‌യുന്ന ആളുകളുടെ ചലനങ്ങൾ അളക്കുവാൻ സാധിക്കുന്ന ഹാർഡ്‌വെയർ അധിഷ്ഠിത ആശയമായിരുന്നു RideBlock.

ആദ്യ ചുവടുകളും നിർണ്ണായക വഴിത്തിരിവുകളും

തന്റെ പുതിയ ആശയത്തെപ്പറ്റി അഭിപ്രായം ആരായാൻ ജിബിൻ എന്നെ സമീപിക്കുന്നത് Arduino ഉപയോഗിച്ച് ഉണ്ടാക്കിയ പ്രവർത്തനക്ഷമമായ ഒരു മാതൃകയും (Prototype) ആയിട്ടാണ്. ജിബിൻ തന്റെ skateboard -ൽ ഒരു അഭ്യാസം കാണിച്ചപ്പോൾ അതൊരു kickflip ആണെന്നുള്ളത്‌ അവന്റെ smartphone -ലെ മൊബൈൽ app കൃത്യമായി തിരിച്ചറിഞ്ഞു. ഒരു ഹാർഡ്‌വെയർ അധിഷ്ഠിത ആശയമയതുകൊണ്ടും അതിന്റെ ഉപഭോക്താക്കൾ (skateboarders) ഏറ്റവും അധികം ഉള്ള വിപണി അമേരിക്ക ആയതുകൊണ്ടും, അമേരിക്കയിൽ ഉള്ള ഏതെങ്കിലും ഹാർഡ്‌വെയർ acceletrator-കളിൽ അപേക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം എന്നായിരുന്നു ഞങ്ങളുടെ നിഗമനം. പണം ഇല്ലത്തതിനാൽ ചെറിയ തോതിലെങ്ങിലും ഒരു നിക്ഷേപം തരപ്പെടുതേണ്ടതും അനിവാര്യമായിരുന്നു.

ജിബിന്റെ ആദ്യത്തെ വഴിത്തിരിവ് Zone Startups സംഘടിപ്പിച്ച Next Big Idea contest-ന്റെ വിജയി ആകുന്നതു വഴി ആയിരുന്നു. മുംബൈയിൽ നടന്ന ഒരു ഹാർഡ്‌വെയർ hackathon-ൽ പങ്കെടുക്കുന്പോൾ ആണ് ഈ അവസരത്തെപ്പറ്റി അറിയുന്നതും അപേക്ഷിക്കുന്നതും.

ഈ അംഗീകാരത്തിന്റെ മികവിൽ 2 ലക്ഷം രൂപ റിതേഷ് മല്ലിക്ക് എന്ന Angel Investor ൽ നിന്നും ആദ്യ നിക്ഷേപം ആയി തരപ്പെടുത്തുകയും ചെയ്തു. നിക്ഷേപം ലഭിച്ചതിനു ശേഷമാണ് തന്റെ startup-നെ ഒരു പ്രൈവറ്റ് ലിമിറ്റഡ് company ആയി പോലും ജിബിൻ രജിസ്റ്റർ ചെയ്യുന്നത്. ഇതെല്ലാം വഴി Canada യിലെ മികച്ച incubator-ൽ പരിശീലനം നേടാനും അവിടെ നിന്ന് California സന്ദർശിച്ച് ലോകത്തിലെ ഏറ്റവും മികച്ച ഹാർഡ്‌വെയർ accelerator ആയ Highway1-മായി കൂടിക്കാഴ്ച നടത്താനും സാധിച്ചു.

അടുത്ത ലക്‌ഷ്യം accelerator പ്രോഗ്രാം. Highway1-ൽ തന്നെ അപേക്ഷിച്ച് ജിബിൻ തുടങ്ങി. നിർഭാഗ്യവശാൽ തിരഞ്ഞെടുക്കപ്പെട്ടില്ല. നിരാശനാകാതെയും തികഞ്ഞ പക്വതയോടെയും Highway1 ഭാരവാഹികളുമായി Skype മുഖേന കൂടിക്കാഴ്ച നടത്തി തന്റെ അപേക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ആരാഞ്ഞു. ആ നിർദേശങ്ങൾ പ്രകാരം മെച്ചപ്പെടുത്തിയ അപേക്ഷ അടുത്ത accelerator ന് സമർപ്പിച്ചു. ഓരോ തവണയും നിഷേധക്കുറിപ്പുകൾ ലഭിച്ചപ്പോഴും ഇതേ പ്രക്രിയ ആവർത്തിച്ചു. ഒടുവിൽ, നിക്ഷേപത്തുകയിൽ ഏതാനും ആയിരങ്ങൾ മാത്രം അവശേഷിക്കെ ഇരുപത്തി ഒൻപതാമത്തെ അപേക്ഷയിൽ ആണ് പരിശ്രമം ഫലം കണ്ടത്. അങ്ങനെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന Flat6Lab accelerator ൽ പ്രവേശനവും ലഭിച്ചു.

Flat6Labs പ്രോഗ്രാം പൂർത്തിയായതോടെ അമേരിക്കയിലെ Las Angeles ആസ്ഥാനമായി പ്രവർത്തിക്കുന്ന, 6 മാസം ദൈർഘ്യമുള്ള ഹാർഡ്‌വെയർ നിർമാണം അധിഷ്ഠിതമായുള്ള MakeinLA പ്രോഗ്രാമിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുകയും ചെയ്തു. Skateboarder മാരുടെ അമേരിക്കയിലെ ഒരു കേന്ദ്രം കൂടെ ആണ് Las Angeles. ഏതാണ്ട് ഇതേ സമയത്ത് തന്നെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്ത അംഗീകാരങ്ങളിൽ ഒന്നായ Qualcomm QPrize ഉം ജിബിന്റെ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി. ഇത് മറ്റൊരു സുപ്രധാന വഴിത്തിരിവായി. അതുവഴി പ്രശസ്ത VC-കളായ Accel Partners, Qualcomm Ventures എന്നിവരിൽ നിന്ന് നിക്ഷേപവും ലഭിച്ചു.

കഥ ഇതുവരെ

ആറു മാസത്തെ പരിശീലനം പൂർത്തിയാക്കി ജിബിനും കൂട്ടരും അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയിട്ട്‌ ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. നിർമ്മാണഘട്ടത്തിലേക്ക് കടക്കാൻ ആവശ്യമായ 1.3 ദശലക്ഷം ഡോളർ സമാഹാരിക്കുന്നതിൽ നിന്ന് കൈയെത്തും ദൂരെയാണ് ഇന്നവർ. വേണ്ടത് ഒരു ലീഡ് investor മാത്രം. അതിനായി അന്താരാഷ്ട്ര skateboarding ഇതിഹാസം Tony Hawk ഉം, Silcion Valley Super Angel ആയ Asha Jadeja യുമായും സംസാരിച്ചു മുന്നേറുക ആണ് ജിബിൻ ഇപ്പോൾ.

ജിബിന്റെ കഥയും അനുഭവവും നമുക്ക് കാണിച്ചു തരുന്നത്, ശരിയായ പിന്തുണയും സാഹചര്യവും ഒരുക്കുന്നതു വഴി, ലോകത്തിലെ തന്നെ മികച്ച startup-കളോട് കിടപിടിക്കാൻ കഴിയുന്ന ആശയങ്ങളും സ്ഥാപനങ്ങളും പടുത്തുയർത്താൻ നമ്മുടെ യുവതീയുവാക്കൾക്കും സാധിക്കും എന്ന് തന്നെ ആണ്.

വേണം അടിസ്ഥാനപരമായ മാറ്റം

Startup Village ന്റെ ആദ്യകാലം മുതൽക്കുള്ള പരിചയവും, തുടർന്നുള്ള വർഷങ്ങളിൽ ഒരു mentor എന്ന നിലയിൽലുള്ള പ്രവർത്തനവും വഴി, ആശയങ്ങളും ആഗ്രഹങ്ങളും മാത്രം മുതൽക്കൂട്ടായുള്ള ഒരു കോളേജ് വിദ്യാർഥിയിൽ നിന്നും പക്വതയാർന്ന ഒരു സംരംഭകനിലേക്ക് ചുരുങ്ങിയ കാലയളവിനുള്ളിലുള്ള ജിബിന്റെ വളർച്ച ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്. വിവിധ പരിപാടികളിലൂടെ കടന്നു പോകുന്പോൾ അത് ജിബിന്റെ കാഴ്ചപ്പാടിലും സമീപനത്തിലും വരുത്തിയിട്ടുള്ള മാറ്റത്തിനും ഞാൻ സാക്ഷിയാണ്.

ഇത്തരത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റമാണ് നമ്മുടെ യുവതലമുറയിലും സമൂഹത്തിലും നമുക്ക് വരുത്തുവാൻ സാധിക്കേണ്ടത്. എന്റെ Startup Village, Kerala Startup Mission പ്രർത്തനങ്ങളിലൂടെ ഞാൻ ലക്ഷ്യമിടുന്നതും അതുതന്നെ.

Investment Valuation Entity Category Month & Year
2L INR 30L INR Ritesh Mallick Angel 2014 Jul
35,000 USD 350,000 USD Flat6Labs Accelerator 2015 Mar
50,000 USD 1 Million USD Make in LA Accelerator 2015 Aug
100,000 USD 2 Million USD Accel Partners & Qualcomm Ventures VC 2015 Sep
100,000 USD 6.75 Million USD Make in LA Fund 2016 Mar

Website: http://www.rideblock.com/