ആശയമുണ്ട്, ഇനി എന്ത്

നല്ലൊരാശയം. അതുമാത്രം മതി. അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍. എന്നാല്‍ ആശയങ്ങളില്‍ നിന്നും പദ്ധതികളിലേക്കുള്ള യാത്ര പലര്‍ക്കും ശ്രമകരമാണ്. കടമ്പകള്‍ മറികടക്കാനാകാതെ യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരും ഏറെ. ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയും മികച്ച നിക്ഷേപകനെയും കണ്ടെത്തുക ശ്രമകരമായ ദൗത്യം തന്നെയാണ്. ക്ഷമയോടെയുള്ള കാത്തിരിപ്പ് ഇതിന് ആവശ്യമാണ്. പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടവരാണ്് ജീവിതയാത്രയില്‍ മുന്നേറിയതെന്ന് തെളിയിക്കാന്‍ ഉദാഹരണങ്ങള്‍ ഏറെയുണ്ട്.

എന്നാല്‍ സ്വന്തമായൊരു സംരംഭം എന്നത് ഇപ്പോള്‍ അത്ര പ്രയാസമുള്ള ഒന്നല്ല. കാരണം കടമ്പകള്‍ പിന്നിടാന്‍ യുവസംരംഭകര്‍ക്ക് പിന്തുണയായി ഒട്ടേറെ പദ്ധതികള്‍ ഇന്നുണ്ട്. സര്‍ക്കാര്‍തലത്തിലും അല്ലാതെയും.

ഇന്‍ക്യൂബേറ്ററിന്റെ ഭാഗമാകാം

സ്വപ്‌നങ്ങളുമായി കടന്നെത്തിയാല്‍ മതി, ബാക്കിയെല്ലാം ഇവിടെയുണ്ട്. പറഞ്ഞുവരുന്നത് ഇന്‍ക്യുബേറ്ററുകളെക്കുറിച്ചാണ്. കളമശ്ശേരിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ മാതൃകയിലുള്ള സംവിധാനമാണ് ഇന്‍ക്യുബേറ്റര്‍. മികച്ച ആശയങ്ങളുണ്ടായാല്‍ മാത്രം മതി. മുതല്‍മുടക്കിനെക്കുറിച്ച് പോലും ആശങ്ക വേണ്ട. എല്ലാം ഇവിടെ കിട്ടും. പ്ലഗ് ആന്‍ഡ് പ്ലേ വര്‍ക്‌സ്റ്റേഷന്‍ എന്ന പേരില്‍... വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ടാകും.

ഏതൊരു സംരംഭകനും ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു ബിസിനസ്സ് ഇന്‍ക്യുബേറ്ററില്‍ സംരംഭം രജിസ്റ്റര്‍ ചെയ്യുകയാണ്. പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലം നല്‍കുന്നതിനൊപ്പം വഴികാട്ടിയാകാനും ഇത്തരം ഇന്‍ക്യുബേറ്ററുകള്‍ക്കാകും. ഒരോ സംരംഭത്തിനും സഹായകമാകുന്ന തരത്തില്‍ വിവിധ ഇന്‍ക്യുബേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങളുടെ ബിസിനസ്സിന്റെ സ്വഭാവവുമായി യോജിക്കുന്ന ഇന്‍ക്യുബേറ്ററിലാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ആദ്യം ഉറപ്പിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രയോജനം കിട്ടണമെങ്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ സര്‍ക്കാര്‍ അംഗീകൃത ഇന്‍ക്യുബേറ്ററുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമാണ്.

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള 60 ഇന്‍ക്യുബേറ്ററുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആറെണ്ണം കേരളത്തിലാണ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളേജില്‍ ഐ.ടി.പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്‍ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പ് വാലി ഇന്‍ക്യുബേറ്ററാണ് ഈ പട്ടികയില്‍ അവസാനത്തേത്.

സര്‍ക്കാര്‍ അംഗീകാരമുള്ള ഇന്‍ക്യുബേറ്ററുകളുടെ പട്ടിക സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ സ്വകാര്യമേഖലയിലും ഇന്‍ക്യുബേറ്ററുകളുണ്ട്. സ്റ്റാര്‍ട്ടപ്പ് വെയര്‍ഹൗസ് പദ്ധതിയുടെ ഭാഗമായി നാസ്‌കോമിന്റെ ഇന്‍ക്യുബേറ്ററുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നാസ്‌കോമിന്റെ ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. .

ആക്‌സലറേറ്റര്‍

ഇന്‍ക്യുബേറ്ററുകള്‍ക്ക് സമാനമാണ് ആക്‌സലറേറ്ററിന്റെ പ്രവര്‍ത്തനം. എന്നാല്‍ പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. താല്‍പ്പര്യമുള്ളവരില്‍ നിന്ന് ഇതിലേക്ക് അപേക്ഷ ക്ഷണിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനനിക്ഷേപമായി ചെറിയൊരു തുകയും ഇവ നീക്കിവയ്ക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച ആക്‌സലറേറ്റര്‍ പ്രോഗ്രാമുകളാണ് ജി.എസ്.എഫ് ഇന്ത്യയും ടി ലാബ്‌സും. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം മുതല്‍ 40 ലക്ഷം വരെ നിക്ഷേപം ഇവര്‍ നല്‍കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ ജിഫ്‌സ്റ്റോര്‍ (അടുത്തിടെ ഇതിനെ പെപ്പര്‍ടാപ്പ് ഏറ്റെടുത്തിരുന്നു) ടി ലാബ്‌സ് ആക്‌സലറേറ്റര്‍ പ്രോഗ്രാമില്‍ പങ്കാളിയായിരുന്നു.

നിക്ഷേപ സാധ്യതകളില്ലെങ്കിലും മികച്ച ആക്‌സലറേറ്റര്‍ പദ്ധതികളായി കണക്കാക്കപ്പെടുന്നവയാണ് ബാംഗ്ലൂരിലെ മൈക്രോസോഫ്റ്റ് ആക്‌സലറേറ്റര്‍, മുംബൈയിലെ സോണ്‍ സ്റ്റാര്‍ട്ടപ്പ്‌സ്്, റിലയന്‍സിന്റെ ജെന്‍ നെക്സ്റ്റ് ആക്‌സലറേറ്റര്‍ എന്നിവ. ഇതിനുപുറമേ ഒട്ടേറെ കോര്‍പ്പറേറ്റ് ആക്‌സലറേറ്റര്‍ പദ്ധതികളും രാജ്യത്തുണ്ട്. പേപാലിന്റെ സ്റ്റാര്‍ട്ട് ടാങ്ക്, ടാര്‍ജറ്റ്, എയര്‍ബസിന്റെ ബിസ് ലാബ്, ടാര്‍ജറ്റ് ആക്‌സലറേറ്റര്‍ എന്നിവ ഇതില്‍ ചിലതാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് ഏണസ്റ്റ് ആന്‍ഡ് യങും ഒരു ആക്‌സലറേറ്റര്‍ നടത്തുന്നുണ്ട്. യുവര്‍സ്‌റ്റോറി വെബ്‌സൈറ്റില്‍ ഇതിന്റെ വിവരങ്ങള്‍ ലഭ്യമാണ്.

ആഗോളതലത്തിലുള്ള മികച്ച ആക്‌സലറേറ്റര്‍ പ്രോഗ്രാമുകളിലൊന്നാണ് വൈകോംബിനേറ്റര്‍. ടെക്‌സ്റ്റാര്‍സ്, 500 സ്റ്റാര്‍ട്ടപ്പ്‌സ്, ജെ.എഫ്.ഡി.ഐ., സ്റ്റാര്‍ട്ടപ്പ് ചിലി എന്നിവയാണ് മറ്റ് ചില പ്രോഗ്രാമുകള്‍.

നമ്മുടെ കേരളത്തില്‍ നിന്നുള്ള രണ്ട് മിടുക്കരും ഇത്തരം പദ്ധതികളുടെ ഭാഗമായി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. ജിബിന്‍ അബുദാബിയിലെ ഫഌാറ്റ് 6 ലാബ്‌സിലേക്കും ജുഹെയ്ം സിംഗപ്പൂരിലെ പ്രോഗ്രാമിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള പ്രൊഫൗണ്ടിസ് എന്ന സ്്റ്റാര്‍ട്ടപ്പും മൈക്രോസോഫ്റ്റിന്റെയും സ്റ്റാര്‍ട്ടപ്പ് ചിലിയുടെയും പ്രോഗ്രാമിന്റെ ഭാഗമായി നേട്ടങ്ങള്‍ കൈവരിച്ചിരുന്നു.

സ്്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകളുടെ ഭാഗമാകുന്നത് കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്്. മികച്ചൊരു പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതുവഴി തന്നെ ഈ മേഖലയിലുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനാകും. ഇതിനുപുറമേയാണ് സാമ്പത്തികമായ നേട്ടങ്ങളും മെന്റര്‍ഷിപ്പും, പരിശീലനവുമെല്ലാം. ഇത്തരത്തിലുള്ള ഒരു സ്റ്റാര്‍ട്ടപ്പ് പദ്ധതിയാണ് അന്ത പ്രേരണ.

അപേക്ഷിക്കാം ഇപ്പോള്‍ അന്ത പ്രേരണയിലേക്ക്

തുടക്കക്കാരായ സംരംഭകരെ ഉദ്ദേശിച്ചുള്ളതാണ് ടൈ ബാംഗ്ലൂര്‍ നടത്തുന്ന അന്ത പ്രേരണ സ്റ്റാര്‍ട്ടപ്പ് പദ്ധതി. വാണിജ്യ, സാമൂഹ്യ, സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിലേക്ക് അപേക്ഷി്ക്കാം.

അന്തപ്രേരണ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. കേരളത്തിലെ മികച്ച സ്റ്റാര്‍ട്ടപ്പ് കമ്പനികളിലൊന്നായ ശാസ്ത്ര റോബോട്ടിക്‌സ് ഇത്തരത്തിലൊന്നാണ്. അന്തപ്രേരണ വഴി ലഭിച്ച അംഗീകാരവും പരിചയങ്ങളും ഈ കമ്പനിയുടെ വളര്‍ച്ചയ്്ക്ക് ആക്കം കൂട്ടിയ ഘടകങ്ങളാണ്.

മെന്റര്‍

വലിയ കമ്പനികള്‍ പലപ്പോഴും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മെന്റര്‍ഷിപ്പ് വാഗ്ദാനം ചെയ്യാറുണ്ട്. ഉപദേശകനായി അല്ലെങ്കില്‍ മാര്‍ഗദര്‍ശിയായി അനുഭസമ്പത്തുള്ള ഒരാളെത്തുന്നത് ഏറെ ഗുണം ചെയ്യും. ഒരു പ്രമുഖ കമ്പനിയുടെ പ്രതിനിധിയാണ് മാര്‍ദര്‍ശിയുടെ സ്ഥാനത്തെങ്കില്‍ ഏറെ നല്ലത്.

മെന്ററാകാനുള്ള അനുമതി വഴി അവരുടെ വിശ്വാസ്യതയും പ്രശസ്തിയുമെല്ലാം നിങ്ങളുടെ സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയ്ക്ക് കൂടി ഉപയോഗപ്പെടുത്തുകയാണ്. ഔദ്യോഗികമായി മെന്ററാകാന്‍ താല്‍പ്പര്യമില്ലാത്തവരില്‍ നിന്ന് അനൗദ്യോഗിക സഹകരണവും തേടാം. ഇതുവഴി കിട്ടുന്ന റെഫറന്‍സുകളും പരിചയവും തന്നെ ബിസിനസ്സ് വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായിരിക്കും.

ശ്രദ്ധിക്കാം...

തുടക്കത്തില്‍ തന്നെ ഏതെങ്കിലും സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകളുടെ ഭാഗമാകാന്‍ ശ്രമിക്കുക. തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലോ എന്ന പേടി മൂലം അപേക്ഷിക്കാതിരിക്കുന്നവര്‍ ഏറെയുണ്ട്. ഇത്തരം പേടികള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്.

ആദ്യതവണ പരാജയപ്പെട്ടാലും ഈ അപേക്ഷകളും അതിന്റെ നടപടിക്രമങ്ങളും നല്‍കുന്ന അനുഭവപരിചയം വളരെ വലുതായിരിക്കും. ആശയങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനുള്ള കഴിവ് ഇതുവഴി ലഭിക്കും. നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും സംശയങ്ങള്‍ നേരിടാനുള്ള ധൈര്യവും നേടാനാകും.

ചാടിക്കയറി എല്ലാ പദ്ധതികള്‍ക്കും അപേക്ഷിക്കണമെന്നില്ല. സംരംഭത്തിന് ഗുണകരമാകുമെന്ന് ഉറപ്പുള്ളവയ്ക്ക് മാത്രം അപേക്ഷിക്കുന്നതാകും നല്ലത്.

ആവശ്യമായ ഹോംവര്‍ക്കും മുന്നൊരുക്കങ്ങളും നടത്തിയതിന് ശേഷം മാത്രം അപേക്ഷിക്കുക. മുന്‍പ് ഈ കടമ്പ കടന്നവരുടെ അഭിപ്രായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിക്കാം. ഇവ സ്വന്തം സംരംഭത്തിന് ഗുണകരമായ വിധത്തില്‍ നടപ്പാക്കുക. സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകളെ കുറിച്ചുള്ള ഭൂരിഭാഗം വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും.

നിങ്ങളുടെ അപേക്ഷ വിലയിരുത്തുന്നതിന് മുന്‍ വിജയികളുടെയോ മുതിര്‍ന്ന പ്രൊഫഷണല്‍സിന്റെയോ സഹായം തേടാവുന്നതാണ്. സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകളുടെ മാനേജര്‍മാരും സംരംഭകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്.

അപേക്ഷ നിരസിക്കപ്പെട്ടാല്‍ അതിന്റെ കാരണം അറിയാന്‍ ശ്രമിക്കണം. അടുത്ത തവണ അപേക്ഷിക്കുമ്പോള്‍ പോരായ്മ പരിഹരിക്കാമല്ലോ. മിക്കവാറും എല്ലാ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകളും എല്ലാവര്‍ഷവും നടക്കുന്നവയാണ്. ചിലത് വര്‍ഷത്തില്‍ രണ്ടുതവണ വരെ നടക്കാറുണ്ട്. അതായത് ഒരു തവണ അപേക്ഷ നിരസിക്കപ്പെട്ടാല്‍ നിരാശപ്പെടേണ്ട കാര്യമില്ലെന്ന് ചുരുക്കം.

  • ആവശ്യമായ റിസര്‍ച്ച് നടത്തുക
  • ഉപഭോക്താവുമായി സംസാരിക്കുക. നിങ്ങളുടെ ഉല്‍പ്പന്നത്തെക്കുറിച്ച് ഏറ്റവും കൃത്യമായ അഭിപ്രായം ഉപഭോക്താവിന്റേത് തന്നെയായിരിക്കും.
  • അപേക്ഷ തയ്യാറാക്കുക. ഇ-മെയില്‍ വഴിയുള്ള ആശയവിനിമയത്തില്‍ മികവ് പുലര്‍ത്താന്‍ ശ്രദ്ധിക്കണം.
  • പ്രതികരണം അറിയുക
  • സ്വയം മെച്ചപ്പെടുക
  • വീണ്ടും ശ്രമിക്കുക

ഞാന്‍ ആവര്‍ത്തിക്കുന്നു... നല്ലൊരാശയം... അതുമാത്രം മതി.