ഉത്തേജനമായി അക്വിസിഷനുകൾ

പ്രധാനമായും രണ്ടു രീതിയിലാണ് സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളിൽ നിന്നു മുതൽമുടക്കുന്നവർക്കു തിരിച്ചുവരവ് ലഭിക്കുന്നത്. ഒന്ന് ആ കന്പനി ഓഹരി വിപണിയിൽ IPO ക്ക് പോകുന്പോളും രണ്ടാമത്തേത് ഒരു അക്വിസിഷൻ വഴി മറ്റൊരു കന്പനി അതിനെ ഏറ്റെടുക്കുന്പോളും. ഇതിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്നത് അക്വിസിഷനുകളും. ഈ പംക്തിയിൽ നമുക്ക് അക്വിസിഷനുകളെപ്പറ്റിയും അവയുടെ പ്രാധാന്യത്തെപ്പറ്റിയും മനസിലാക്കാം.

അക്വിസിഷനുകൾ: എങ്ങനെ, എന്തിന്

ഒരു കന്പനിക്ക് മറ്റൊരു കന്പനിയുടെ ഓഹരി വാങ്ങുന്നതുവഴി അതിന്റെ ഉടമസ്താവകാശം അല്ലെങ്കിൽ നിയന്ത്രണ അവകാശം ലഭിക്കുന്ന സാഹചര്യത്തിന് അക്വിസിഷൻ എന്നു പറയുന്നു. പണമോ അല്ലെങ്കിൽ ഏറ്റെടുക്കുന്ന സ്ഥാപനത്തിന്റെ ഓഹരിയോ ഏറ്റെടുക്കപെടുന്ന സ്ഥാപനത്തിന്റെ ഓഹരിക്കാർക്കു പകരമായി നല്കുന്നു.

പ്രധാനമായും നാലു കാരണങ്ങളാലാണ് ഒരു സ്ഥാപനം മറ്റൊരു സ്ഥാപനത്തെ അക്വയർ ചെയ്‌യാൻ തീരുമാനിക്കുന്നത്. സങ്കീർണമായ സാങ്കേതികവിദ്യ അല്ലെങ്കിൽ പേറ്റന്റുകൾ അടങ്ങുന്ന intellectual പ്രോപ്പർട്ടി കരസ്ഥമാക്കാനാണ് പലപ്പോഴും അക്വിസിഷൻ നടക്കുന്നത്. നൂതനമായ ആശയത്തിന്മേൽ വികസിപ്പിച്ചെടുത്ത പ്രോഡക്റ്റും അതുപോലെതന്നെ അതിന്റെ ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനായും അക്വിസിഷൻ നടക്കാറുണ്ട്. അക്വയർ ചെയ്‌യുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ വൈദഗ്ദ്ധ്യവും പ്രാഗല്‍ഭ്യവും പലപ്പോഴും അക്വിസിഷൻ തിരുമാനങ്ങൾക്കു പ്രേരകമാവാറുണ്ട്. മേൽപ്പറഞ്ഞ നാലു കാരണങ്ങളിൽ ഏതെങ്കിലുമൊന്നോ അല്ലെങ്കിൽ അതിന്റെ സങ്കലനമോ ആവാം അക്വിസിഷൻ തിരുമാനത്തിനു പിറകിൽ. അതിന്റെ അടിസ്ഥാനത്തിലാണ് അക്വിസിഷന്റെ മൂല്യവും വ്യവസ്ഥകളും തിരുമാനിക്കപ്പെടുന്നതും.

അക്വിഹയറുകൾ

സ്റ്റാർട്ടപ്പ് മേഖലയിൽ ധാരാളമായി കണ്ടുവരുന്ന ഒരു പ്രേത്യേക രീതിയിലുള്ള അക്വിസിഷൻ ആണ് അക്വിഹയർ (acquihire). ടാലന്റിനു വേണ്ടി മാത്രമാണ് അക്വയർ ചെയ്യുന്നതെങ്കിൽ അതിനെ അക്വിഹയർ എന്നു വിളിക്കുന്നു. അക്വിഹയർ ചെയ്‌യുന്ന രീതിയും സാധാരണ അക്വിസിഷനുകളിൽ നിന്നും വ്യത്യസ്തവുമാണ്.

നിക്ഷേപ ചക്രത്തിന്റെ ഇന്ധനം ലിക്വിഡിറ്റി ഇവന്റുകൾ

ഒരു കന്പനിയുടെ ഓഹരികളെ പണമായി മാറ്റുവാൻ സാധിക്കുന്ന സന്ദർഭത്തെ ലിക്വിഡിറ്റി ഇവന്റ് (liquidity event) എന്നു വിളിക്കുന്നു. നിക്ഷേപ ചക്രത്തിനു ഇന്ധനമാവുന്നതു ഇത്തരം ലിക്വിഡിറ്റി ഇവന്റുകളാണ്. ഓഹരികൾ പണമായി മാറുന്പോൾ മാത്രമേ നിക്ഷേപ പ്രക്രിയയുടെ ഉന്നം പൂർത്തിയാകുന്നുള്ളു. എങ്കിൽ മാത്രമേ പുതിയ നിക്ഷേപങ്ങൾ ഉണ്ടാകുകയുമുള്ളൂ. നിക്ഷേപങ്ങൾക്ക് തക്കതായ വരുമാനങ്ങൾ ലഭിക്കുന്പോൾ മാത്രമേ അതിലൊരു ഭാഗം തുടർനിക്ഷേപമായി വരുകയുള്ളുവെന്നും പുതിയ നിക്ഷേപകർ ആ മേഖലയിലേക്ക് ആകർഷിക്കപ്പെടുകയുമുള്ളൂ എന്നും സംരംഭകർ ഓർക്കണം. ആയതിനാൽ, ലിക്വിഡിറ്റി ഇവന്റുകൾക്ക് കൂടുതൽ നിക്ഷേപങ്ങൾ സാധ്യമാവുന്ന ഒരു സന്തുലിതാവസ്ഥ വളർത്തുന്നതിനുള്ള പങ്ക് നിർണായകമായതാണ്.

അക്വിസിഷനുകളുടെ പ്രാധാന്യം

ഏറ്റവും വ്യാപകമായ ലിക്വിഡിറ്റി ഇവന്റുകൾ എന്ന നിലയിൽ ഏതൊരു സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെയും അവിഭാജ്യഘടകമാണ് അക്വിസിഷനുകൾ. മുതൽമുടക്കുന്നവർക്കു അവരുടെ നിക്ഷേപങ്ങളിൽ നിന്നും തിരിച്ചുവരവ് ഉണ്ടാവണം. നിക്ഷേപകരെ പോലെതന്നെ സംരംഭകർക്കും സാന്പത്തികനേട്ടം ആവശ്യമാണ്. തങ്ങളുടെ കഴിവുകൾക്കും പരിശ്രമങ്ങൾക്കുമുള്ള പ്രതിഫലമാണിത്.

സാധാരണഗതിയിൽ 10 ദശലക്ഷം ഡോളറിനും 100 ദശലക്ഷം ഡോളറിനും ഉള്ളിലാണ് ബഹുഭൂരിഭാഗം സ്റ്റാർട്ടപ്പ് അക്വിസിഷനുകളും നടക്കുന്നത്. എല്ലാ അക്വിസിഷനുകളും ഒരു ലിക്വിഡിറ്റി ഇവന്റിൽ പരിണമിക്കുന്നില്ല. അക്വയർ ചെയ്യുന്നത് ഒരു പ്രൈവറ്റ് കന്പനിയും ഓഹരി ഇടപാടും ആയിരിക്കുന്പോൾ ഉടനെത്തന്നെ ഒരു ലിക്വിഡിറ്റി ഇവന്റിൽ ഇതു കലാശിക്കുന്നില്ല എന്നത് ശ്രദ്ധിക്കണം

എല്ലാ സ്റ്റാർട്ടപ്പുകൾക്കും IPO വരെ എത്താൻ സാധിക്കുകയില്ല. എല്ലാ സംരംഭകർക്കും IPO വരെ തങ്ങളുടെ സ്ഥാപനങ്ങളെ കൊണ്ടുപോകാനുള്ള താല്പര്യവുമില്ല. നൂതനസാങ്കേതികവിദ്യകളിൽ പ്രവർത്തിച്ചു പുതിയ ആശയങ്ങൾ വികസിപ്പിക്കുകയും അതുവഴി IP മാത്രം സൃഷ്ട്ടിക്കാൻ ആഗ്രഹിക്കുകയും ചെയ്‌യുന്ന സംരംഭകർ അനവധി. അത്തരത്തിലുള്ള സംരഭകരാണ് ഒരു പക്വതയാർന്ന സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയുടെ ബഹുഭൂരിപക്ഷവും. സജീവമായ ഒരു അക്വിസിഷൻ വിപണി കൂടി ഉടലെടുക്കുന്പോൾ മാത്രമേ ഏതൊരു സ്റ്റാർട്ടപ്പിന്റെയും വിപണനസാധ്യതയും കൂടുകയുള്ളു. ആയതിനാൽ, നിക്ഷേപങ്ങളോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് അക്വിസിഷനുകളും.

ഇന്ത്യയിൽ അക്വിസിഷനുകൾ പെരുകുന്നു

കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളിലായി ഇന്ത്യൻ സ്റ്റാർട്ടപ്പ് മേഖലയിലും നിരവധി അക്വിസിഷൻ കണ്ടുവരുന്നു. ഇതിൽ ഏറെ ജനശ്രദ്ധ ആകർഷിച്ചതും, ഈ ഒരു പ്രവണതക്ക് തുടക്കം കുറിച്ച ഒന്നുമായിരുന്നുണ് 2013 ജൂണിലെ Ibibo ഗ്രൂപ്പിന്റെ RedBus അക്വിസിഷൻ. ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്തിന്റെ പതാക വാഹകൻ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന Phaninder Sama യുടെ RedBus എന്ന സ്റ്റാർട്ടപ്പ് 100 ദശലക്ഷം ഡോളറിനാണ് (ഏകദേശം 600 കോടി രൂപ) അക്വയർ ചെയ്യപ്പെട്ടത്.

ഈയടുത്തു ഏറെ വാർത്താപ്രാധാന്യം ലഭിച്ച രണ്ടു അക്വിസിഷനുകൾ ആയിരുന്നു freecharge ന്റെയും Commonflooor ന്റെയും. Freecharge നെ 200 ദശലക്ഷം ഡോളറിനു Snapdeal, Commonflooor നെ 400 ദശലക്ഷം ഡോളറിനു Quickr എന്നിവർ അക്വയർ ചെയ്‌യുകയാണുണ്ടായത്.

സിലിക്കൺ വാലിയിലെ പ്രശസ്ത കന്പനികളും നമ്മുടെ സ്റ്റാർട്ടപ്പുകളെ അക്വയർ ചെയ്‌യുകയുണ്ടായി. സിപ് ഡയലിനെ (Zipdial) ട്വിറ്ററും (Twitter), ലിറ്റിൽ ഐ ലാബ്‌സിനെ (Little Eye Labs) ഫേസ്ബുക്കും (Facebook), ബുക്പാടിനെ (Bookpad) യാഹുവും (Yahoo) അക്വയർ ചെയ്യുക ആയിരുന്നു.

കേരളത്തിൽ നിന്നുള്ള അക്വിസിഷനുകൾ

നമ്മുടെ കേരളത്തിൽ നിന്നുള്ള നിരവധി സ്റ്റാർട്ടപ്പുകളും അക്വയർ ചെയ്‌യപ്പെടുകയുണ്ടായി. ഇതിൽ ഏറ്റവും പ്രശസ്തമായത് അഫ്സൽ സാലു നയിച്ചിരുന്ന Delyver ന്റെയും, ഏറ്റവും അടുത്തു നടന്നത് അനൂപ് മോഹൻ നയിച്ചിരുന്ന Styl ന്റെയും ആണ്. Delyver നെ BigBasket അക്വയർ ചെയ്തപ്പോൾ Styl നെ അക്വയർ ചെയ്തത് Voonik ആയിരുന്നു. ഇതു രണ്ടാം തവണ ആണ് അനൂപിന്റെ സ്റ്റാർട്ടപ്പ് അക്വയർ ആകുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ സ്റ്റാർട്ടപ്പ് ആയ Flamingos മീഡിയയും അക്വയർ ചെയ്‌യപ്പെടുക ആയിരുന്നു.

നമ്മുടെ മറ്റു ചില കന്പനികൾ അക്വിഹയർ മാർഗത്തിലൂടെയും അക്വയർ ചെയ്യപ്പെട്ടു. അവയിൽ പ്രമുഖമായ ഏതാനും ചിലതു തിരുവന്തപുരം സ്വദേശി നാരായൺ ബാബു നയിച്ചിരുന്ന Dexetra, കോഴിക്കോട് സ്വദേശി ഷമീൽ നയിച്ചിരുന്ന Jiffstore, കാസർഗോഡ് സ്വദേശി ജസീൽ നയിച്ചിരുന്ന Eventifier എന്നിവയാണ്.