ഇനി നിങ്ങളുടെ ഊഴം

നിങ്ങളിൽ നല്ലൊരു ഭൂരിഭാഗം ഇതിനകം Profoundis എന്ന സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ ഏറ്റെടുക്കൽ വാർത്ത വായിച്ചറിഞ്ഞിട്ടുണ്ടാവാം. ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ ഒരു നാൽവർ സംഘം തുടങ്ങിയ, Startup Village ൽ നിന്നും പ്രവർത്തനമാരംഭിച്ച, Profoundis എന്ന startup സ്ഥാപനത്തെ US ആസ്ഥാനമായി പ്രവർത്തിക്കുന്ന Full Contact എന്ന കന്പനി ഏറ്റെടുക്കുക (acquire) ആയിരുന്നു. ദശലക്ഷം ഡോളറുകൾ വിലമതിക്കുന്ന ഈ ഏറ്റെടുക്കപ്പെടലിന്റെ വാർത്ത ഈ കഴിഞ്ഞ ഒരാഴ്ച നമ്മുടെ പത്രമാധ്യമങ്ങളിലും ഫേസ്ബുക്കിലും നിറഞ്ഞു നിന്നിരുന്നു.

പ്രൊഫൗണ്ടിസ് സ്ഥാപകരായ അർജുൻ, ജോഫിൻ, അനൂപ്, നിതിൻ അവരുടെ അപ്പ്രീസിയേഷൻ പാർട്ടിയിൽ ലഭിച്ച സ്നേഹോപഹാരവുമായി

സ്റ്റാർട്ടപ്പുകൾ പരിചിതപദങ്ങളാവുന്നു

Profoundis ന്റെ ഈ അക്വീസിഷൻ സ്റ്റാർട്ടപ്പുകളെ പരിചിതപദമാക്കി മാറ്റും എന്നത് തീർച്ച. ഞങ്ങൾ 2005ൽ സ്റ്റാർട്ടപ്പ് ആയ MobME തുടങ്ങാൻ തീരുമാനമെടുക്കുന്പോൾ, മാതാപിതാക്കൾ പോയിട്ട്, ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന ഞങ്ങളുടെ സമപ്രായക്കാരായ കൂട്ടുകാർക്കു പോലും startup എന്ന വാക്ക് പരിചിതമല്ലായിരുന്നു. അങ്ങനെയൊക്കെയുള്ള ഒരു സാഹചര്യത്തിൽ നിന്നും ഇന്ന് സ്ഥിതിഗതികൾക്കു വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ഈ അടുത്ത് നമ്മുടെ സംസ്ഥാന റവന്യു സെക്രട്ടറിയെ കാണുവാൻ അദ്ദേഹത്തിന്റെ ഓഫീസിന്റെ പുറത്തു കാത്തിരിക്കുന്പോൾ അവിടത്തെ ഒരു ഉദ്യോഗസ്ഥനായ ജേക്കബ്, സ്റ്റാർട്ടപ്പ് വില്ലേജുമായി ബന്ധപ്പെട്ട ആളാണ് ഞാൻ എന്നറിഞ്ഞപ്പോൾ കുശലം ചോദിച്ചത് പ്രൊഫൗണ്ടിസിന്റെ പ്രോഡക്റ്റായ Vibe നെ കുറിച്ചാണ്!

പ്രചോദനമാവാൻ ഇനി പ്രൊഫൗണ്ടിസും

അങ്ങു സിലിക്കൺ വാലിയിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് കഥകൾ അറിയുന്പോഴല്ല മറിച്ചു നമ്മുടെ നാട്ടിൽ നിന്നുമുള്ള നമ്മുടെ സുഹൃത്തുക്കളും സഹപാഠികളും സീനിയർമാരുമായിട്ടുള്ള ചെറുപ്പക്കാർ സ്വന്തമാക്കിയ വിജയ കഥകൾ കേൾക്കുന്പോഴാണ് ഇതൊക്കെ നമ്മളെകൊണ്ടുമാകും എന്ന വിശ്വാസം നമ്മളിൽ ഉടലെടുക്കുന്നതും അങ്ങനെ ഒരു ദൗത്യത്തിലേക്കു പറക്കാനുള്ള ആത്മവിശ്വാസം വിരിയുന്നതും. അങ്ങനെയുള്ള സംരംഭകരെ നേരിൽ കാണുകയും സംവദിക്കുകയും ചെയ്യുന്നത് വഴിയാണ് അവരും നമ്മളെപ്പോലെ തന്നെയുള്ള - അതേ വികാരങ്ങളും, വിചാരങ്ങളും, ആഗ്രഹങ്ങളും, ആശങ്കകളുമുള്ള - സാധാരക്കാരായ ചെറുപ്പക്കാർ തന്നെയാണ് എന്ന തികഞ്ഞ ബോധ്യം നമ്മളിൽ ഉണ്ടാവുകയും ചെയ്യുന്നത്.

ഒരു ദശാബ്ദത്തോളം നമ്മുടെ നാട്ടിൽ നിന്നുള്ള ചെറുപ്പക്കാർക്കും സംഭരംഭകർക്കും ആവേശം നൽകിയിരുന്നത് MobME യുടെ കഥ ആയിരുന്നു. ഇന്ന് പത്തു വർഷത്തിന് ശേഷവും സംരംഭ മോഹങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്ന യുവാക്കൾക്ക് പ്രോചോദനമാകാൻ അതിന് കഴിയുന്നു. അതിന്റെ കൂടെ ഇപ്പോൾ മറ്റൊരു മികച്ച കഥ കൂടി പ്രൊഫൗണ്ടിസിന്റെ രൂപത്തിൽ ഇന്ന് നമുക്ക് ലഭിച്ചിരിക്കുന്നു. MobME യുടെ തന്നെ സംരംഭമായ Startup Village ൽ നിന്നും ഉത്ഭവിച്ച Profoundis അടുത്ത ഒരു ദശാബ്ദക്കാലത്തേക്കും അതിനു ശേഷവും ആയിരക്കണക്കിന് യുവാക്കൾക്ക് പ്രചോദനം ആവുമെന്നത് ഉറപ്പ്.

വരാനിരിക്കുന്നതിന്റെ പ്രതിധ്വനി

പ്രൊഫൗണ്ടിസിന്റെ കഥ ഇനിയും വരാനിരിക്കുന്നതിന്റെ പ്രതിധ്വനിയാണ്. Startup Village ൽ നിന്നുമുള്ള മൂന്നാമത്തെ കന്പനിയായിരുന്നു പ്രൊഫൗണ്ടിസ്. അവർക്കു മുൻപേ വന്ന രണ്ടു കന്പനികളും ഇന്നും സജീവമായി പ്രവർത്തിച്ചു വരുന്നു. പ്രൊഫൗണ്ടിസിനു ശേഷം വന്ന കന്പനികളും അനവധി. അവയിൽ ചിലതു ഒരു സ്റ്റാർട്ടപ്പിന്റെ വളർച്ചയിൽ ഉണ്ടാകുന്ന പല പ്രതിസന്ധികളും നേരിടുന്നുണ്ട്. അവയെ ഒന്നൊന്നായി തരണം ചെയ്യുന്നതിൽ രാപ്പകലില്ലാതെ ഇന്നും മുഴുകിയിരിക്കുകയാണ് അതിന്റെ സാരഥികൾ. ഒരുവിധം എല്ലാ കന്പനികളും വളർച്ചയുടെ പല ഘട്ടങ്ങൾ താണ്ടുകയും ചെയ്തു വരുന്നു. അവയിൽ exit (വിറ്റൊഴിയൽ) എന്ന നാഴികക്കല്ലിൽ ആദ്യം എത്തിച്ചേർന്ന സ്ഥാപനമായിത്തീരുന്നു പ്രൊഫൗണ്ടിസ്.

Startup Village കെട്ടിടത്തിന്റെ കൊച്ചു മുറികളിലും ഇടനാഴികകളിലും ഇരുന്നു പ്രവർത്തിച്ചു കൊണ്ടിരുന്ന സ്റ്റാർട്ടപ്പുകൾ സ്തുത്യർഹമായ നേട്ടം കൈവരിക്കും എന്ന് ഞങ്ങൾ എന്നും വിശ്വസിച്ചിരുന്നു. മതിയായ സമയവും ശരിയായ പിന്തുണയും നൽകുന്നതിലൂടെ അവയെല്ലാം തന്നെ ആ നാഴികക്കല്ലിൽ എത്തും എന്നത് അനിവാര്യമായ വസ്തുതയാണ്. ഇന്ന് അവരുടെയെല്ലാം സഹോദരസ്ഥാപനം കൂടിയായ പ്രൊഫൗണ്ടിസിന്റെ ഈ നേട്ടം കൂടുതൽ ഊർജ്ജസ്വലതയോടെ അവരുടെ ലക്ഷ്യങ്ങളിലേക്കു നീങ്ങുന്നതിനായി അവർക്കു ഉത്തേജനമായിത്തീരുകയും ചെയ്യും.

നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഒരു ഫേസ്ബുക്കോ ഗൂഗിളോ ഫ്ളിപ് കാർട്ടോ വളർന്നു വരുന്നത് കാണുവാൻ അക്ഷമരാണ് നമ്മൾ എല്ലാവരും. പ്രതീക്ഷ കൈവിടേണ്ടതില്ല. Good things take time. അല്പം സമയമെടുത്താണെങ്കിലും നമ്മൾ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. നമ്മുടെ പ്രയാണം ശരിയായ ദിശയിൽ തന്നെയാണ് എന്നതാണ് ഈ Profoundis അനുഭവം സാക്ഷ്യപ്പെടുത്തുന്നതും.

Exit കളുടെ പ്രാമുഖ്യം

സംരംഭകത്വത്തിന്റെ ലക്ഷ്യം എന്ന് പറയുന്നത് സാന്പത്തിക സന്പത്തു സൃഷ്ടിക്കുക എന്നതാണ്. അത് നമുക്ക് ഉൾക്കൊള്ളാം. ഏതൊരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെയും ജീവനാഡി എന്ന് പറയുന്നത് exits ആണ്. Exits സംഭവിക്കുന്പോഴേ സംരംഭകനും നിക്ഷേപകനും സമൂഹവും അവരുടെ പ്രയത്‌നങ്ങളുടെ യഥാർത്ഥ സാന്പത്തിക നേട്ടം കൈവരിക്കുന്നുള്ളു. അങ്ങനെ വരുന്പോൾ മാത്രമേ സംരംഭകത്വത്തിൽ അധിഷ്ഠിതമായ സാന്പത്തിക കാലചക്രത്തിത്തിന്റെ ഗമനം പൂർത്തിയാകുകയും ചെയ്യുന്നുള്ളൂ. തുടർ നിക്ഷേപങ്ങൾ വരുവാനും അതുവഴി കൂടുതൽ മെച്ചപ്പെട്ട ആശയങ്ങളും മറ്റും പൊതു സമൂഹത്തിലേക്കെത്താനും അത് വേണം. അതുപോലെ തന്നെ സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾ മികച്ച വളർച്ച കൈവരിക്കുന്നതിലൂടെ മാത്രമേ exits സംഭവിക്കുകയും ചെയ്യുകയുള്ളൂ.

ആശയം എത്രതന്നെ നല്ലതായാലും അതിന്റെ പ്രാവർത്തികമാക്കാനുള്ള പ്രയത്‌നത്തിലൂടെ മാത്രമേ നമുക്ക് നേട്ടം കൈവരിക്കാനാവൂ. ഈ കാലമത്രയും ആശയങ്ങളിലും അവയുടെ നൂതനത്വത്തിലും വശംവദരാകുന്ന ഒരു സ്ഥിതിവിശേമായിരുന്നു നമുക്ക് കാണുവാൻ സാധിച്ചിരുന്നത്. എന്നാൽ ആശയങ്ങൾക്ക് അപ്പുറത്തേക്ക് നീങ്ങാനുള്ള ഒരു നിസ്സഹഹായ അവസ്ഥയും ആശയങ്ങളുമായി പുറം ലോകത്തേക്ക് നീങ്ങാനുള്ള ധൈര്യക്കുറവും പലപ്പോഴും പ്രകടമായിരുന്നു. സ്വപ്നം കാണാനല്ലാതെ ആ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുവാൻ ഉള്ള പ്രയത്‌നത്തിൽ മുഴുകുവാൻ പലരെയും എന്തോ എപ്പോഴും പിറകോട്ടു വലിക്കുന്നതുപോലെ. ഒരുപക്ഷെ അത്തരത്തിൽ ഉള്ള ഒരു ലക്ഷ്യം യഥാർത്ഥത്തിൽ സാധ്യമാവുമോ എന്ന പേടി തന്നെ ആയിരുന്നിരിക്കാം ഇതിന്റെ കാരണം.

പ്രൊഫൗണ്ടിസിന്റെ ഈ exit നമുക്ക് രണ്ടു കാര്യങ്ങൾ വ്യക്തമാക്കുന്നു. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ മുന്നോട്ടു നയിക്കുന്ന exit കളെ ലക്ഷ്യം വച്ചുകൊണ്ടാണ് എല്ലാ സംരംഭകരും പ്രവർത്തിക്കേണ്ടതെന്നും, മികച്ച exit കൽ നമുക്ക് ഇവിടെ കേരളത്തിൽ ഇരുന്നു കൊണ്ടുതന്നെ സാധ്യമാണ് എന്നുള്ളതും. അതും മിതമായ കാലയളവിനുള്ളിൽ തന്നെ. പ്രൊഫൗണ്ടിസിന്റെ കഥ നമുക്ക് നല്കുന്ന ഏറ്റവും ശക്തമായ സന്ദേശവും അതുതന്നെയാണ്.

It’s your turn now

Startup Village ന്റെ ചുവരിൽ ഇൻഫോസിസ് സ്ഥാപകനും Startup Village ന്റെ ചീഫ് മെന്ററും കൂടിയായ ക്രിസ് ഗോപാലകൃഷ്ണന്റെ വാക്കുകൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾ Technopark ഇൻക്യൂബേറ്ററിൽ ആയിരുന്ന കാലത്തു ഞങ്ങളുടെ അന്നത്തെ കൊച്ചു MobME ഓഫീസ് സന്ദർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളാണത്. "We started Infosys in a room about this size. It's your turn now" - ഏകദേശം ഇത്രത്തോളം വലുപ്പം വരുന്ന ഒരു മുറിയിൽ നിന്നുമാണ് ഞങ്ങൾ ഇൻഫോസിസ് തുടങ്ങിയത്. ഇനി നിങ്ങളുടെ ഊഴമാണ്.

എല്ലാ മിടുക്കന്മാരോടും മിടുക്കികളോടും ഉള്ള എന്റെ സന്ദേശവും അത് തന്നെ ആണ്. It's your turn now. ഇനി നിങ്ങളുടെ ഊഴമാണ്...

ഞാനും എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സഞ്ജയും സ്റ്റാർട്ടപ്പ് വില്ലേജിലെ ആദ്യ രണ്ടു സ്റ്റാർട്ടപ്പുകളുടെ സ്ഥാപകർക്കൊപ്പം ക്രിസിന്റെ വാക്കുകൾ ആലേഖനം ചെയ്തിട്ടുള്ള ചുവരിനു മുൻപിൽ